ജുഡീഷ്യല്‍ നിയമനത്തിലെ കേന്ദ്രനടപടിക്ക് എതിരെ ജസ്റ്റിസ് കുര്യന് ജോസഫ്; ഏഴംഗ ബെഞ്ച് ഉടന്‍ രൂപീകരിക്കണമെന്ന് ആവശ്യം; ചീഫ് ജസ്റ്റിസിന് കത്തയച്ചു
ന്യൂഡല്‍ഹി: ജുഡീഷ്യല്‍ നിയമനത്തിലെ കേന്ദ്രനടപടിക്ക് എതിരെ ജസ്റ്റിസ് കുര്യന് ജോസഫ്. ഏഴംഗ ബെഞ്ച് ഉടന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുര്യന് ജോസഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു. കെ.എം.ജോസഫിന്റെയും ഇന്ദു മല്‍ഹോത്രയുടെയും നിയമനം അംഗീകരിക്കണം. ഇനിയും കോടതി ഇടപെട്ടില്ലെങ്കില്‍ ചരിത്രം മാപ്പുതരില്ലെന്നും ജസ്റ്റിസ് കുര്യന് ജോസഫ് കത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പകര്‍പ്പ് മറ്റ് 22 ജഡ്ജിമാര്‍ക്കും കൈമാറി.
മൂന്ന് മാസമായിട്ടും ഒരു ശുപാര്‍ശയെ കുറിച്ച് ഒരു അറിവും ഇല്ലാതിരിക്കുന്നത് കോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം കത്തില്‍ ഉന്നയിച്ചു. ”സാധാരണ പ്രസവം നടന്നില്ലെങ്കില്‍ അടിയന്തരമായി സിസേറിയന് ചെയ്യണം. ഉചിതമായ സമയത്ത് അത്തരം ഒരു ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞ് മരിക്കാന്‍ ഇടയാകും”, ജുഡീഷ്യല്‍ നിയമനവുമായി ബന്ധപ്പെട്ട് പെട്ടെന്ന് തന്നെ നടപടിയുണ്ടാകണമെന്ന് സൂചിപ്പിച്ച് കത്തില്‍ കുര്യന് ജോസഫ് പറഞ്ഞു.
ഏഴംഗ ബെഞ്ച് എന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ സുപ്രീംകോടതിയിലെ ഏഴ് മുതിര്‍ന്ന ജഡ്ജിമാര്‍ കൊളീജിയത്തിനുള്ള ശുപാര്‍ശകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി തുറന്ന കോടതിയില്‍ വിസ്താരം കേള്‍ക്കും. കൊളീജിയം ശുപാര്‍ശകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഈ ഏഴംഗ ബെഞ്ചിന് ഉത്തരവിടാനും സാധിക്കും.
കൊളീജിയത്തിന് പേരുകള്‍ നിര്‍ദേശിക്കുന്നവരില്‍ ഒരാളായ ജസ്റ്റിസ് ജോസഫ് നവംബറില്‍ വിരമിക്കാനിരിക്കുകയാണ്. പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ യുക്തിപരമായ തീരുമാനത്തിലേക്ക് കോടതിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സുപ്രീംകോടതിയുടെ അന്തസും ബഹുമാനവും ദിനംപ്രതി കുറഞ്ഞുവരുന്നതിന് ഇടയാക്കുമെന്നും കുര്യന് ജോസഫ് മുന്നറിയിപ്പ് നല്കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുശേഷം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസാക്കുന്നില്ലെങ്കില്‍ താനടക്കം നാല് ജഡ്ജിമാര്‍ ജനുവരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ ശരിയെന്നു തെളിയുമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹാര്‍വഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഹാര്‍വഡ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിലാണു ജസ്റ്റിസ് ചെലമേശ്വര്‍ ഇക്കാര്യം പറഞ്ഞത്. ജുഡീഷ്യറിയിലെ നടപടികളില്‍ സുതാര്യതയില്ലെങ്കില്‍ അത് സംശയത്തിന് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസിനെതിരെ ജനുവരി 12ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആക്കാതിരിക്കുമോ എന്ന ചോദ്യത്തിന് താനൊരു ജ്യോതിഷിയല്ലെന്നും അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും ചെലമേശ്വര്‍ മറുപടി പറഞ്ഞത്. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പര്‍ നയിച്ച മുഖാമുഖത്തില്‍ വിധിന്യായങ്ങളുമായി ബന്ധപ്പെട്ടതുള്‍പ്പെടെ പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ അദ്ദേഹം തയാറായതുമില്ല. ചീഫ് ജസ്റ്റിസിനെ കരിനിഴലില്‍ നിര്‍ത്തുന്ന മെഡിക്കല്‍ കോളെജ് കോഴയുമായി ബന്ധപ്പെട്ട കേസ് താന്‍ വാദംകേട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാര പരിധിയില്‍ നിന്നുകൊണ്ട് തന്നെയാണ് അത് ചെയ്തതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെഞ്ച് തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തെ ചോദ്യംചെയ്തിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ അധികാരത്തില്‍ താന്‍ കടന്നുകയറിയിട്ടില്ല. ഏതൊക്കെ ജഡ്ജിമാര്‍ കേസ് പരിഗണിക്കണമെന്നല്ല താന്‍ പറഞ്ഞത്. പ്രധാനപ്പെട്ട കേസുകള്‍ ചില ജഡ്ജിമാര്‍ക്കു പ്രത്യേകമായി നല്കുന്നതിനെക്കുറിച്ചാണ്. ജയലളിത കേസ് (അനധികൃത സ്വത്തു സമ്പാദനം) അത്തരത്തിലൊന്നായിരുന്നു. എന്താണു സംഭവിച്ചത് എന്നതല്ല പ്രശ്നം. വിധി ഒരുവര്‍ഷം വൈകിയെന്നതു കേസ് ലഭിച്ച ബെഞ്ചിനെക്കുറിച്ചുള്ള വിലയിരുത്തലിലെ പോരായ്മയാണു വ്യക്തമാക്കുന്നത്.
ജഡ്ജിമാര്‍ ആരോപണവിധേയരാകുന്ന ഏതു വിഷയത്തിനും കുറ്റവിചാരണയാണു പരിഹാരമെന്ന നിലപാടു ശരിയല്ലെന്നു ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ നേരിടാന്‍ മറ്റു മാര്‍ഗങ്ങളുണ്ടാവണം. തന്നെ കുറ്റവിചാരണ ചെയ്യണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. സംവിധാനത്തിലെ പിഴവുകള്‍ തിരുത്താന്‍ ഫലപ്രദമായ മാര്‍ഗങ്ങളാണു വേണ്ടത്. പ്രശ്നങ്ങളുണ്ടാകാത്ത സംവിധാനമാണു വേണ്ടത്. അതെന്തെന്നതു ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്നു ചര്‍ച്ചചെയ്യേണ്ടതാണ്.
ജുഡീഷ്യറിയില്‍ ജനത്തിനുള്ള വിശ്വാസ്യത നഷ്ടപ്പെടാതിരിക്കണം. വിശ്വാസ്യത നഷ്ടപ്പെടുന്നതു ജനാധിപത്യത്തിനു തന്നെ അപകടകരമാണ്. ജനാധിപത്യ സമൂഹത്തിലെ ഏതു സംവിധാനത്തെയും ഇടയ്ക്കിടെ കണക്കെടുപ്പിനു വിധേയമാക്കേണ്ടതാണ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്ന കൊളജീയം ശുപാര്‍ശ രണ്ടു മാസത്തിനുശേഷവും അംഗീകരിക്കാത്ത സര്‍ക്കാര്‍ നടപടി ആശങ്കയുണ്ടാക്കുന്നതാണ്. ശുപാര്‍ശ ആവര്‍ത്തിക്കാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടോയെന്ന ചോദ്യത്തിന്, മറുപടി തനിക്കും ചീഫ് ജസ്റ്റിസിനും അപമാനകരമാകുമെന്നു ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം പ്രവര്‍ത്തനരഹിതമാണെന്ന് പറയാനാകില്ല. രണ്ട് ദിവസം മുമ്പാണ് രണ്ട് ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ ശുപാര്‍ശ കൊളീജിയം നല്‍കിയതെന്നും ചെലമേശ്വര്‍ വ്യക്തമാക്കി. കൊളീജിയം അംഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെങ്കില്‍ പരസ്പരം കണ്ടുകൂടാന്‍ പാടില്ലെന്ന് അതിനര്‍ഥമില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.