വരാപ്പുഴ കസ്റ്റഡി മരണം: സിഐ അടക്കം നാല് പേര്‍ക്ക് സസ്പെന്ഷന്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐ അടക്കം നാല് പേര്‍ക്ക് സസ്പെന്ഷന്. പറവൂര്‍ സിഐ ക്രിസ്പിന് സാം അടക്കം നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. വരാപ്പുഴ എസ്ഐ ജി.എസ് ദീപക്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് ബേബി, ഗ്രേഡ് എഎസ്ഐ സുധീര്‍ എന്നിവരാണ് സസ്പെന്‍ഷനിലായ മറ്റ് ഉദ്യോഗസ്ഥര്‍. ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്പരാതിക്കാരന്റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയ പൊലീസ്, അയല്‍വാസിയെ കള്ളസാക്ഷിയാക്കാനും ശ്രമിച്ചു. എന്നാല്‍ ഇതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഇടപെടല്‍ ആണെന്ന് അയല്‍വാസി പരമേശ്വരന്റെ മകന് ശരത് വെളിപ്പെടുത്തിയിരുന്നു.
കസ്റ്റഡിയില്‍ മരിച്ച ശ്രീജിതിനെ പൊലീസ് പിടികൂടിയത് ആളുമാറിയാണെന്ന് കേസിലെ പരാതിക്കാരന് തന്നെ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയതോടെയാണ് പരാതിക്കാരന്റെ മൊഴിയെന്ന മട്ടിലൊരു രേഖ പൊലീസ് പുറത്തുവിട്ടത്. ശ്രീജിത്തിനെ പരാതിക്കാരന് കെവി വിനീഷ് പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു എന്നായിരുന്നു ഉള്ളടക്കം. എന്നാലിത് പരാതിക്കാരന്റെ ഒപ്പില്ലാത്ത രേഖയാണ്. പിന്നാലെ പൊലീസ് തന്നെ കോടതിയില്‍ നല്കിയ പരാതിക്കാരന്റെ ആദ്യമൊഴി പുറത്തുവന്നു. ഇതില്‍ ശ്രീജിതിന്റെ പേരില്ലെന്നും വ്യക്തമായതോടെ പൊലീസ് ആദ്യം പുറത്തുവിട്ടത് വ്യാജരേഖയെന്ന് ഉറപ്പായി. ഇതിനൊപ്പമാണ് ദൃസാക്ഷിമൊഴിയെന്ന പേരില്‍ പൊലീസ് തന്നെ പുറത്തുവിട്ട അയല്‍വാസി പരമേശ്വരന്റെ പേരിലുള്ള രേഖയുടെവിശ്വാസ്യതയും സംശയത്തിലായത്.
ഇതിലും ശ്രീജിതിനെ പ്രതിയെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ശ്രീജിതിന്റെ പേര് പരാമര്‍ശിച്ച് ഒരു മൊഴിയും താന്‍ പൊലീസിന് നല്‍കിയിട്ടില്ലെന്ന് തുറന്നുപറഞ്ഞ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പരമേശ്വരന് രംഗത്തെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ പരമേശ്വരന് ശ്രീജിത് തന്നെ പ്രതിയെന്ന് പറഞ്ഞു. ഈ മലക്കംമറിച്ചിലിന്റെ കാരണമാണ് പരമേശ്വരന്റെ മകന് ഇന്ന് വെളിപ്പെടുത്തിയത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വിശദമായ അന്വേഷണമാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്. തുടക്കം മുതലുള്ള സംഭവങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന്റെ യോഗം തീരുമാനിച്ചിരുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
വസുദേവന്റെ ആത്മഹത്യയും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും അന്വേഷണ വിധേയമാകും. ശ്രീജിത്തിനെ പ്രതി ചേര്‍ത്തതില്‍ വീഴ്ച ഉണ്ടായോയെന്നും പരിശോധിക്കും. വസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളും മൊഴികളും പരിശോധിക്കാനും യോഗം തീരുമാനിച്ചു. ഐജി ശ്രീജിത്ത് വാരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ലോകായുക്തയും ഇടപെടുന്നു. റൂറല്‍ എസ്പിയോടും എസ്ഐയോടും ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ ഈ മാസം 22ന് ഹാജരാകാനാണ് നിര്‍ദ്ദേശം. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രഥമ ദൃഷ്ട്യാ വീഴ്ച സംഭവിച്ചു. പൊലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റം നിലനില്‍ക്കുമെന്നും മനുഷ്യാവകാശ കമ്മീഷന് അറിയിച്ചിരുന്നു.