കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍ രാഷ്ട്രീയമായും സാങ്കേതികമായും ശരിയെന്ന് നിയമ മന്ത്രി എ.കെ.ബാലന്. എല്ലാ നിയമപ്രശ്നങ്ങളും പരിഹരിച്ചാണ് ബില്‍ കൊണ്ടുവന്നത്. ഓര്‍ഡിനന്‍സ് ഒപ്പുവെക്കുന്നതില്‍ ഗവര്‍ണര്‍ തടസം പറഞ്ഞിരുന്നില്ല. സര്‍ക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റുണ്ടെങ്കില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുമായിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയാണ് സര്‍ക്കാര്‍ നോക്കിയത്. കോണ്‍ഗ്രസും ബിജെപിയും ബില്ലിന് അനുകൂലമായിരുന്നുവെന്നും എ.കെ.ബാലന് പറഞ്ഞു.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ് കേസില്‍ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുത പ്രത്യാഘാതമുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ 2016-17 വര്‍ഷത്തെ വിദ്യാർഥി പ്രവേശനം ക്രമവത്കരിക്കാനായി നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ബിൽ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഒാർഡിനൻസ് റദ്ദാക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കേസിൽ വിധി പറയാനിരിക്കെയാണ് നിയമസഭ ഐകകണ്ഠ്യേന ബിൽ പാസാക്കിയത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
കരുണ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രമം സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് ബില്ല് അവതരണ വേളയില്‍ തന്നെ വിടി ബല്‍റാം നിയമസഭയില്‍ ആരോപിച്ചിരുന്നു. ബില്ല് നിയമ വിരുദ്ധവും ദുരുപദേശപരവും ആണെന്നും ഇത് അഴിമതിക്ക് വഴി ഒരുക്കുമെന്നും ബല്‍റാം പറഞ്ഞിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്ലില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നായിരുന്നു ബല്‍റാമിന് ആരോഗ്യ മന്ത്രി മറുപടി നല്‍കിയത്. ബില്ലിന്റെ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ മാത്രമാണെന്നും വിടി ബല്‍റാമിന്റെ ക്രമപ്രശ്നം നിലനില്‍ക്കില്ലെന്നും സ്പീക്കറും പറഞ്ഞിരുന്നു.
ക്രമപ്രശ്നമുന്നയിച്ച ബല്‍റാമിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന അവസ്ഥയിലാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് നിയമസഭ സാധൂകരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസ കൊള്ളയ്ക്കു നിയമസഭ കൂട്ടുനിന്നത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്പര്യത്തിനാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചത്. വിദ്യാര്‍ഥികളുടെ ഭാവിപറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചിരുന്നു.
ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇന്നലെ രംഗത്തെത്തിയിരുന്നു.നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണമെന്ന് സുധീരന് ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണെന്ന് സുധീരന് പറഞ്ഞു.
നിയമ നിര്‍മാണത്തിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവിനെതിരെ കെഎസ് യുവും രംഗത്തെത്തിയിരുന്നു.
അതേസമയം കണ്ണൂർ, കരുണ ബില്ല് ഓർഡിനൻസ് മാത്രം ആണെന്ന സുപ്രീം കോടതി നിരീക്ഷണം സാങ്കേതികത്വം മാത്രമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ നിലപാട്. നിയമസഭയുടെ അംഗീകാരത്തോടെ ഓർഡിനൻസ് നിയമം ആയി കഴിഞ്ഞു . കോടതി പറയുന്നത് അനുസരിക്കാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കിയിരുന്നു.