News Details
വ്യാജ വാര്‍ത്ത തടയാന്‍ വിവാദ സര്‍ക്കുലര്‍; മോദി ചെന്നൈ വെള്ളപ്പൊക്കം വിമാനത്തിലിരുന്ന് നിരീക്ഷിക്കുന്ന ചിത്രം ഓര്‍ക്കുന്നുണ്ടോ? പിഐബിയുടെ വിശദീകരണമെത്തി
വ്യാജവാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം (അക്രഡിറ്റേഷന്) റദ്ദാക്കുമെന്നറിയിച്ച് തിങ്കളാഴ്ച വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെ പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ നീക്കം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന വ്യാജ വാര്‍ത്തകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മോദി ചെന്നൈ വെള്ളപ്പൊക്കം വിമാനത്തിലിരുന്ന് നിരീക്ഷിക്കുന്ന ചിത്രം അത്തരത്തിലൊന്നായിരുന്നു. സര്‍ക്കാരിന്റെ സ്വന്തം ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ചിത്രത്തില്‍ കൃത്രിമം വരുത്തി പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ പിഐബി ക്ഷമാപണം നടത്തി ചിത്രം പിന്‍വലിച്ചെങ്കിലും ആര്‍ക്കുമെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല.
പാരി(പീപ്പിള്‍സ് ആര്‍കൈവ്സ് ഓഫ് റൂറല്‍ ഇന്ത്യ) നെറ്റ്വര്ക്കിലെ മാധ്യമപ്രവര്ത്തകന് രാഹുല്‍ എം ചെന്നൈ വെള്ളപ്പൊക്കം മോദി നിരീക്ഷിക്കുന്ന വ്യാജ ചിത്രത്തെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചതിന് ചുവന്ന കോളത്തില്‍ അടയാളപ്പെടുത്തി പിഐബിയുടെ മറുപടി കിട്ടി. ഫോട്ടോയില്‍ കൃത്രിമം കാണിച്ചതിന് ‘മുന്‍കാലങ്ങളില്‍ ചെയ്തത് പോലെ ചെയ്തെന്നായിരുന്നു’ മറുപടി.
ഈ മറുപടിക്ക് വ്യക്തത വരുത്താന്‍, ‘ഏഴു ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഒരു ചിത്രതില്‍ രണ്ട് ചിത്രങ്ങള്‍ കൂട്ടികലര്‍ത്തുന്ന(merge) ടെക്നിക് ഉപയോഗിച്ചിരുന്നുവെന്നും’ പിഐബി പറയുന്നു. ഇതിനെയാണ് മാധ്യമങ്ങളില്‍ ‘ഫോട്ടോഷോപ്പിംഗ്’ എന്നു പറയുന്നത്.മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് (എന്‍ബിഎ) എന്നിവര്‍ക്ക് കൈമാറി ഉപദേശം തേടുന്നതിനാണ് നേരത്തെ നീക്കം നടന്നത്. 15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്, സമിതികള്‍ സര്‍ക്കാരിന് തിരികെ നല്‍കണം. റിപ്പോര്‍ട്ട് നല്കുന്നതു വരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കുന്ന തരത്തിലായിരുന്നു തീരുമാനം. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.