സംഘര്‍ഷത്തിന് അയവില്ല: രാജസ്ഥാനില്‍ ദലിത് നേതാക്കളുടെ വീടിനു തീവച്ചു; മരണസംഖ്യ 12 ആയി
ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് നേതാക്കളുടെ വീടിന് തീവെച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ ഭാരത് ബന്ദിനു പിന്നാലെയാണ് സംഭവം. കരൗലി ജില്ലയിലെ ഹിന്ദ്വാന്‍ നഗരത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ദലിത് നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടത്.
ഇപ്പോഴത്തെ രാജസ്ഥാന് നിയമസഭയില്‍ അംഗമായ ബിജെപി എംഎല്‍എ രാജ്കുമാരി യാദവ്, മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഭാരോസിലാല് യാദവ് എന്നിവരുടെ വീടുകളാണ് ജനക്കൂട്ടം ആക്രമിച്ചത്. 5,000ല്‍ അധികം വരുന്ന ആള്‍ക്കൂട്ടമാണ് ഇവരുടെ വീടുകള്‍ ആക്രമിച്ചതെന്ന് കരൗലി ജില്ലാ കലക്ടര്‍ അഭിമന്യു കുമാര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സംഭവത്തോട് അനുബന്ധിച്ച് അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാരത് ബന്ദിനു ശേഷവും നഗരത്തിലെ ക്രമസമാധാന നില മോശമായിരുന്നതിനാല്‍, ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ മുതല്‍ ഇവിടെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉണ്ടായ അക്രമത്തില്‍ മരണം 12 ആയി. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ മരണസംഖ്യയുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. മധ്യപ്രദേശില്‍ മൂന്നിടങ്ങളില്‍ കര്‍ഫ്യൂ എര്‍പ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ അക്രമം നടന്നിരുന്നു. പഞ്ചാബ്, രാജസ്ഥാന്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അക്രമസംഭവങ്ങളില്‍ ഇന്നലെ ഒന്‍പത് പേര് കൊല്ലപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ട്.
വെടിവെപ്പിനിടെ പൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഗ്വാളിയറില്‍ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കുപയോഗിച്ച് അക്രമി വെടിവയ്ക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
മാര്‍ച്ച് 20 നാണ് പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍തന്നെ നിലനില്ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ല. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത്. ഉടന്‍ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിധിക്കെതിരെ ദലിതരും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. നിയമത്തില്‍ ഇളവ് വരുത്തുന്നത് പിന്നാക്ക വിഭാഗത്തിന് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നായിരുന്നു ആരോപണം.
എസ്.സി, എസ്.ടി നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീംകോടതി ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇന്നാണ് സുപ്രീകോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച കോടതി 10 ദിവസത്തിന് ശേഷം വിശദമായ വാദം കേള്‍ക്കാനായി മാറ്റിവെക്കുകയായിരുന്നു.
എസ്.സി, എസ്.ടി നിയമത്തില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ വിധിന്യായം വായിച്ചിട്ട് പോലുമുണ്ടാവില്ലെന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു. നിക്ഷിപ്ത താത്പര്യവും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കാം. നിരപരാധികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് ലക്ഷ്യം. അല്ലാതെ ചട്ടത്തില്‍ ഒരു ഇളവും വരുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.