ബസുകളില്‍ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന ഉത്തരവ്: പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് കെഎസ്ആര്‍ടിസി എംഡി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ട്രാന്‍സ് പോര്‍ട്ട് വകുപ്പ് മേധാവി എ.ഹേമചന്ദ്രന്. മോട്ടോര്‍ വാഹനചട്ടത്തില്‍ ഭേദഗതി വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് കത്തു നല്‍കിയെന്നും എംഡി വ്യക്തമാക്കി.
ഹൈക്കോടതി വിധി കെഎസ്ആര്‍ടിസിക്ക് വന്തിരിച്ചടിയാകുമെന്നുറപ്പാണ്. വരുമാനം കുത്തനെ കുറയുന്നതോടെ നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള നടപടികളും വിഫലമാവും. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.
426 സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ശരാശരി 25000 രൂപ വരുമാനമുള്ള ഈ ബസുകളാണ് കെഎസ്ആര്‍ടിസിയുടെ നട്ടെല്ല്. ഇതില്‍, നിന്നുള്ള യാത്ര വിലക്കുന്നതോടെ വരുമാനം പകുതിയായി കുറയും. നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിയെ ഇത് വീണ്ടും തളര്‍ത്തും. വിധിക്കെതിരെ റിവ്യുഹര്‍ജി നല്‍കുന്നതിനൊപ്പം യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.
ഗതാഗത നിയമത്തില്‍ തന്നെ ഉയര്‍ന്നക്ലാസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് വ്യവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ വിധിയെ ചോദ്യം ചെയ്യാനും പരിമിതിയുണ്ടാകും. സംസ്ഥാന സര്‍ക്കാരിന് ഇളവ് അനുവദിക്കാമെന്നതാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. വിധിയില്‍ യാത്രക്കാര്‍ക്ക് സമ്മിശ്രപ്രതികരണമാണ്. സ്വകാര്യബസ് ലോബിയെ സഹായിക്കാനാണ് ചിലര്‍ കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചതെന്നും ആക്ഷേപമുണ്ട്.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളിലാണ് ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ആളുകളെ കയറ്റാവൂ. കെഎസ്ആര്‍ടിസി ലക്ഷ്വറി ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്.
ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ട്. സാധാരണ ബസുകളിലെ തിരക്ക് കണക്കിലെടുത്താണ് യാത്രക്കാർ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളെ ആശ്രയിക്കുന്നത്. അങ്ങനെ കൂടുതൽ പണം നൽകി യാത്ര ചെയ്യുന്നവർക്ക് ഇരുന്ന് സൗകര്യം പോലെ യാത്ര ചെയ്യാൻ അർഹതയുണ്ട്. മോട്ടോർ വാഹന ചട്ടത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് കെഎസ്ആർടിസി പാലിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധനവ് മരവിപ്പിക്കുക എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. ഹ്രസ്വദൂര യാത്രക്കാരായിരുന്നു ബസുകളില്‍ നിന്ന് യാത്രചെയ്യുന്നത് എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് അനുസരിക്കുക, അതിനുശേഷം വേണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി.