വയല്‍ക്കിളികള്‍ ചെങ്ങന്നൂരിലും ഇടതിന്റെ ഉറക്കം കെടുത്തുന്നു, ആശങ്കയില്‍ സിപിഎം
ആലപ്പുഴ: കണ്ണൂരില്‍ നിന്നും ഉയര്‍ന്ന് ഇപ്പോള്‍ കേരളമാകെ ചര്‍ച്ച ചെയ്യുന്ന കീഴാറ്റൂരിലെ വയല്‍ കിളികളുടെ സമരം ചെങ്ങന്നൂരിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഉറക്കം കെടുത്തുന്നു.
നെല്‍വയല്‍ നികത്തി പരിസ്ഥിതി തകര്‍ക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെ ചെറുത്താണ് ഞായറാഴ്ച ആയിരങ്ങള്‍ പദ്ധതി പ്രദേശമായ കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്തിയത്.
ബി.ജെ.പി,കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങി ഇടതുപക്ഷത്തെ സി.പി.ഐ വരെ കീഴാറ്റൂരില്‍ സര്‍ക്കാര്‍ നിലപാടിന് എതിരാണ്. ഇതു തന്നെയാണ് ചെങ്ങന്നൂരില്‍ സി.പി.എമ്മിനെ ആശങ്കയിലാഴ്ത്തുന്നത്.
‘നാട് സംരക്ഷിക്കാന്‍,വയല്‍ സംരക്ഷിക്കാന്‍ . . കീഴാറ്റൂരില്‍ നിന്നുയരുന്ന രോദനത്തിന് ചെങ്ങന്നൂരിലൂടെ നമുക്ക് ‘പരിഹാര’മുണ്ടാക്കാം’ എന്ന് പറഞ്ഞ് ബി.ജെ.പിയും കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പ്രചരണം തുടങ്ങി കഴിഞ്ഞു.
മൂന്നു പാര്‍ട്ടികളും പരസ്പരം പോരടിക്കുന്ന മണ്ഡലമാണെങ്കിലും സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രഹരിക്കാന്‍ ‘വയല്‍ക്കിളികള്‍’ തന്നെയാണ് ഇപ്പോള്‍ പ്രധാന ആയുധം.
കഴിഞ്ഞ മാര്‍ച്ച് 14നാണ് നെല്‍വയല്‍ നികത്തി ദേശീയ പാതാ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമര രംഗത്തിറങ്ങിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു സമരക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ വരുന്നവരെ തടയാന്‍ വയലില്‍ നിലയുറപ്പിച്ചിരുന്നത്.
നാടിന്റെ വികസനത്തിന് ചെറിയ ഒരു വിഭാഗം കൂട്ട് നില്‍ക്കുകയാണെന്ന് ആരോപിച്ച് സി.പി.എം ശക്തമായി രംഗത്ത് വരികയും സര്‍ക്കാര്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തതോടെ സമരക്കാരുടെ പന്തലും അഗ്നിക്കിരയായി.
ഇതാടെ സി.പി.എം ഇതര പാര്‍ട്ടികളും സംഘടനകളുമെല്ലാം സംഘടിച്ച് വയല്‍ക്കിളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനെ ചെറുക്കാന്‍ ‘നാടിന് കാവല്‍’ എന്ന മുദാവാക്യം ഉയര്‍ത്തി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സി.പി.എം ശനിയാഴ്ച കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ തലമുറകളുടെ അതിജീവനത്തിന് അനിവാര്യമാണെന്നാണ് ‘വയല്‍ക്കിളി’ സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതു തന്നെയാണ് കാര്‍ഷിക മേഖലയായ ചെങ്ങന്നൂരിലും ഇപ്പോള്‍ ബി.ജെ.പി, കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സി.പി.ഐക്കാര്‍ ഇതിനു മറുപടി പറയുമോ എന്ന ചോദ്യം ചോദിച്ച് സി.പി.എമ്മിനെ വെട്ടിലാക്കുന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്.
തിരഞ്ഞെടുപ്പ് ചൂട് കൂടുന്നതോടെ വയല്‍ക്കിളി സമരക്കാര്‍ ചെങ്ങന്നൂരില്‍ ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല.
സമര നേതാവ് സുരേഷ് കീഴാറ്റൂരും സംഘവും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിക്കാന്‍ ചെങ്ങന്നൂരില്‍ ഇറങ്ങണമെന്ന സമ്മര്‍ദ്ദവും ശക്തമായിട്ടുണ്ട്.
ഇക്കാര്യത്തില്‍ വോട്ടുകള്‍ ഭിന്നിച്ച് പോയാല്‍ പോലും സര്‍ക്കാറിന് പ്രഹരം ലഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് സമരത്തെ പിന്തുണക്കുന്നവര്‍.
പിണറായി സര്‍ക്കാറിനെതിരായ വിധിയെഴുത്തായി വിലയിരുത്തപ്പെടുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.
സര്‍വ ശക്തിയുമെടുത്ത് ഇവിടെ സീറ്റ് നില നിര്‍ത്താന്‍ ഭരണപക്ഷം ശ്രമിക്കുമ്പോള്‍ പിടിച്ചെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കഠിനമായ പരിശ്രമം.
സി.പി.എമ്മിന് പുറമേ കോണ്‍ഗ്രസ്സിനും ബി.ജെ.പിയ്ക്കും വലിയ അടിത്തറയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇതു തന്നെയാണ് ഇവിടത്തെ ഫലപ്രവചനം അസാധ്യമാക്കുന്നത്.