കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ പ്രതിഷേധ സമരം; പിന്തുണയുമായി രാഷ്ട്രീയനേതാക്കളും പരിസ്ഥിതി പ്രവർത്തകരും
കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തിലുളള രണ്ടാംഘട്ട സമരത്തിന് തുടക്കമായി. നൂറുകണക്കിനു പരിസ്ഥിതി പ്രവർത്തകരുടെയും മറ്റു പൊതു പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ‘കേരളം കീഴാറ്റൂരിലേക്ക്’ പ്രകടനം തളിപ്പറമ്പിൽനിന്ന് ആരംഭിച്ചത്. രണ്ടാം ഘട്ട സമരപ്രഖ്യാപനത്തിലും നിരവധി പേർ പങ്കെടുക്കുന്നുണ്ട്. സമരസമിതി നേതാവ് നമ്പ്രാണത്ത് ജാനകിയമ്മ ഉദ്ഘാടനം ചെയ്തു.
അതേസമയം കീഴാറ്റൂര്‍ പാടത്ത് സിപിഐഎം കത്തിച്ച വയല്‍ക്കിളികളുടെ സമരപന്തല്‍ പുനര്‍നിര്‍മിച്ചു. തളിപ്പറമ്പില്‍ നിന്നും കീഴാറ്റൂരിലേക്ക് നടത്തിയ മാര്‍ച്ചിനൊടുവിലാണ് പന്തല്‍ പുനഃസ്ഥാപിച്ചത്. വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് ആവശ്യപ്പെട്ടു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ കീഴാറ്റൂർ പ്രഖ്യാപനം സമര നേതാവായ സുരേഷ് കീഴാറ്റൂർ നടത്തി.
കീഴാറ്റൂരിലെ വയല്‍ക്കിളികളല്ല, ജനതാല്പര്യം കണക്കിലെടുക്കാതെ കടുംപിടുത്തം പിടിക്കുന്ന സര്‍ക്കാരാണ് യഥാര്‍ത്ഥ വികസനവിരോധികളെന്ന് സമരക്കാരെ അഭിവാദ്യം ചെയ്തുകൊണ്ട് വിഎം സുധീരന് പറഞ്ഞു. സിപിഐഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ അന്നത്തെ ജന്മി മാടമ്പി മുതലാളിത്ത സമൂഹം പ്രയോഗിച്ച അതേ തന്ത്രവും രീതിയുമാണ് ഇപ്പോള്‍ സിപിഐഎം നേതൃത്വം വയല്‍ക്കിളികള്‍ക്കെതിരെ പ്രയോഗിക്കുന്നത്.
സിപിഐഎമ്മിന്റെ കളികള്‍ ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്. സിപിഐഎമ്മിന്റെ തന്ത്രം മനസ്സിലാവാത്ത ആരും കേരളത്തില്‍ ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു.
‘കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനങ്ങളോടു ഞങ്ങൾ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും വയലുകളും തണ്ണീർത്തടങ്ങളും നിലനിൽക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങൾ എതിർക്കുന്നു. രാജ്യാതിർത്തികൾ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാൽ വനവും പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും നെൽവയലുകളും തണ്ണീർത്തടവും പരിസ്ഥിതിയും നശിപ്പിക്കാൻ സർക്കാരിനും അവകാശമില്ലെന്നും ഞങ്ങൾ പ്രഖ്യാപിക്കുന്നു’- എന്ന പ്രതിജ്ഞയും സമ്മേളനത്തിൽ ചൊല്ലി.
എല്ലാം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വെച്ച് കെട്ടാന്‍ നോക്കേണ്ടെന്ന് പൊതു സമ്മേളനത്തില്‍ സുരേഷ് ഗോപി എംപി പറഞ്ഞു. ഉടന്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ പിണറായി വിജയന് തയ്യാറാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കീഴാറ്റൂരില്‍ റോഡിനായി വയല്‍ നികത്താന്‍ എട്ടു ലക്ഷം ലോഡ് മണ്ണ് വേണ്ടിവരും. അതിന് 70 കോടി രൂപ ചിലവു വരും. ആ പണം എവിടെ കൊണ്ടുപോയെന്ന് പിണറായി സഖാവ് പറയണമെന്ന് പിസി ജോര്‍ജ്ജ് എം.എല്‍.എ ആവശ്യപ്പെട്ടു. വയല്‍ക്കിളികളെ വയല്ക്കഴുകന്മാരാക്കാതിരി്ക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് വയല്‍ക്കിളികള്‍ അറിയിച്ചു. വരും തലമുറയ്ക്കായി വയലുകളും കുന്നുകളും നിലനിര്‍ത്തണം. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി കീഴാറ്റൂരിലെത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുളളത്.