സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ സുഷമ സ്വരാജ് തയാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിയെ കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെത്തവണ ബന്ധുക്കള്‍ മന്ത്രിയുടെ ഓഫിസിനെ സമീപിച്ചിരുന്നു. എന്നാല്‍ മന്ത്രി തിരക്കിലാണെന്നും കാണാന്‍ സാധിക്കില്ലെന്നും ഓഫിസ് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് മന്ത്രിയെ കാണാന്‍ ശ്രമിച്ച കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അതിനവസരം ലഭിച്ചില്ലെന്നാണ് ആരോപണം. ഓഫീസുമായി ബന്ധപ്പെടുമ്പോഴൊക്കെ മന്ത്രി തിരക്കിലാണെന്നും മൃതദേഹ ഭാഗങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുടെ തിരക്കിലാണവര്‍ എന്ന മറുപടിയുമാണ് ലഭിക്കുന്നതെന്ന് ഇറാഖില്‍ കൊല്ലപ്പെട്ട മഞ്ജീന്ദര്‍ സിങ്ങിന്റെ സഹോദരി ഗുര്‍പീന്ദര്‍ സിങ് ആരോപിച്ചു.
‘കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസിലേക്കു വിളിച്ചു കാണാന്‍ അനുമതി ചോദിച്ചു. പിറ്റേന്ന് മന്ത്രിയുടെ ഓഫിസില്‍നിന്നു തിരിച്ചുവിളിച്ചു. നിങ്ങളുടെ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും അതിനുശേഷം എല്ലാവരെയും കാണാമെന്നും അറിയിച്ചു. എന്നാല്‍ തനിക്ക് അതിനുമുന്പാണു മന്ത്രിയെ കാണേണ്ടതെന്ന് അറിയിച്ചെങ്കിലും അവര്‍ തയാറായില്ല’ ഗുര്‍പീന്ദര്‍ കൗര്‍ പറഞ്ഞു.
തങ്ങളെ കാണാന്‍ സുഷമ തയാറായില്ലെങ്കില്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല സമരം നടത്തുമെന്നു ഗുര്‍പീന്ദര്‍ മുന്നറിയിപ്പു നല്കി. മരിച്ച 39 ഇന്ത്യക്കാരുടെയും കുടുംബങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. ഞങ്ങളെല്ലാവരും സമരവുമായി മുന്നോട്ടുതന്നെയാണ്. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്നും ഗുര്‍പീന്ദര്‍ ആവശ്യപ്പെട്ടു. അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനാണു മുന്‍ഗണനയെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിച്ചതിനു ശേഷം മന്ത്രി എല്ലാ ബന്ധുക്കളെയും കാണുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2014 ജൂണിലാണു താരിഖ നൂര്‍ അല്‍ ഹുദ എന്ന കമ്പനിയിലെ 40 തൊഴിലാളികളെ ഭീകരസംഘടനയായ എഎസ് തട്ടിയെടുത്തത്. അവരില്‍, പഞ്ചാബിലെ ഗുര്ദാസ്പുരില് നിന്നുള്ള ഹര്‍ജിത് മസീഹ് രക്ഷപ്പെട്ടു. മസീഹിനു പുറമേ, ഇറാഖില്‍ നിന്നുള്ള പലരും മാധ്യമപ്രവര്‍ത്തകരോടും മറ്റും ഇന്ത്യക്കാരുടെ മരണം പലതവണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, വ്യക്തമായ തെളിവില്ലാതെ മരണം സ്ഥിരീകരിക്കുന്നതു പാപമാണെന്നും അതു ചെയ്യാനാവില്ലെന്നുമാണു സുഷമ സ്വരാജ് പറഞ്ഞത്.