തൊടുപുഴ : അദ്ധ്യാപകരംഗത്തോടൊപ്പം സാമൂഹിക സാഹിത്യരംഗത്തും ശ്രദ്ധേയസാന്നിദ്ധ്യമായിരുന്ന കോടിക്കുളം സി.വി.കുര്യന് ഓര്മ്മയായപ്പോള് അത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം അവസാനിക്കുകയായിരുന്നു. 1940-കളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നെയ്യശ്ശേരി സെന്റെ സെബാസ്റ്റ്യന്‍സ് സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച കുര്യന്‍സാര്‍ ഏറെക്കാലം പൊതുപ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയസാന്നിദ്ധ്യമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ കോടിക്കുളം മേഖലയില്‍ സമരമുഖത്ത് മുന്‍നിരയിലുണ്ടായിരുന്നു. കോണ്‍ഗ്രസ്സ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കല്‍ നേരിടേണ്ടതായും വന്നു. അദ്ധ്യാപനജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി മാറിനിന്ന കുര്യന്‍സാര്‍ പിന്നീട് പൊതുരംഗത്ത് സജീവമായി. ഫാ. ജേക്കബ്ബ് തേവര്പാടവുമായി സഹകരിച്ച് 1947-ല്‍ കോടിക്കുളത്ത് വായനശാലയ്ക്ക് തുടക്കം കുറിച്ചു. ഇതോടൊപ്പം തന്നെ സഹകരണസംഘത്തിന്റെ ചുമതലയും വഹിച്ചു. കവിതയും, സാമൂഹ്യസേവനവും ഒന്നിച്ചു പോകുന്ന നാളിലായിരുന്നു കോടിക്കുളത്ത് 1948-ല്‍ അഞ്ചല്‍ ഓഫീസ് തുറക്കുന്നത്. അഞ്ചല്‍ മാസ്റ്ററായും പിന്നീട് പോസ്റ്റ്മാസ്റ്ററായും ജോലി ചെയ്തു. 1967-ല്‍ അദ്ധ്യാപകരംഗത്തേയ്ക്ക് തിരിച്ചെത്തി. കോടിക്കുളം എല്‍.പി.സ്കൂളില്‍ 1982 വരെ കുട്ടികള്‍ക്ക് പകര്‍ന്നു നല്കി. മലയാളഭാഷയുടെ മഹനീയത ലോകത്തിന് കാട്ടിക്കൊടുക്കുവാനും മലയാളവൃത്തങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഭാഷാവൃത്ത ദീപികയും പര്യായപദങ്ങളെ ഓര്‍ത്തിരിക്കാനും അറിയാനുമായി പര്യായസഞ്ചികയും കുര്യന്‍സാര്‍ പുറത്തിറക്കി. ബൈബിള്‍ കവിതകളുടെ സമാഹാരമായ നവീന കാവ്യകേളി മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. കോതമംഗലം രൂപതയുടെ മികച്ച പ്രൈമറി അദ്ധ്യാപകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അദ്ധ്യാപകജീവിതത്തില്‍ നിന്നും വിരമിച്ചശേഷവും കവിതകളുടെ മേഖലയില്‍ സജീവമായി. അദ്ധ്യാപകരുടെ അവകാശപോരാട്ടത്തിന് നേതൃത്വം നല്കുവാന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. കോടിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്, കോടിക്കുളം പൊതു ഗ്രന്ഥശാല എന്നിവയുടെ സ്ഥാപക സെക്രട്ടറി, അദ്ധ്യാപകസംഘടനാ താലൂക്ക് പ്രസിഡന്റ്, ഗ്രന്ഥശാലാസംഘം തൊടുപുഴ താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമായിരുന്നു. 1981-ല്‍ കോതമംഗലം രൂപത ഏറ്റവും മികച്ച അദ്ധ്യാപകന് എന്ന ബഹുമതി നല്കി ആദരിച്ചു. കോതമംഗലം രൂപതയുടെ വിദ്യാലയ ഗാനത്തിന്റെ കര്‍ത്താവാണ്. ഭാഷാ സാഹിത്യം, ബൈബിള്‍ കവിതകള്‍, ഖണ്ഡകാവ്യങ്ങള്‍, കവിതകള്‍ എന്നീ വിഭാഗങ്ങളില്‍ പത്തിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
നിര്യാതനായി
സി.വി. കുര്യന് (ചാലില്‍ കുര്യന് 91)
സ്വാതന്ത്ര്യസമര സേനാനിയും കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂള്‍ റിട്ട. അധ്യാപകനുമായ ചാലില്‍ സി.വി. കുര്യന് (ചാലില്‍ കുര്യന് 91) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. പരേതന് കോടിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്, കോടിക്കുളം പൊതു ഗ്രന്ഥശാല എന്നിവയുടെ സ്ഥാപക സെക്രട്ടറി, അദ്ധ്യാപകസംഘടനാ താലൂക്ക് പ്രസിഡന്റ്, ഗ്രന്ഥശാലാസംഘം തൊടുപുഴ താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമായിരുന്നു. 1981ല്‍ കോതമംഗലം രൂപത ഏറ്റവും മികച്ച അദ്ധ്യാപകന് എന്ന ബഹുമതി നല്കി ആദരിച്ചു. കോതമംഗലം രൂപതയുടെ വിദ്യാലയ ഗാനത്തിന്റെ കര്‍ത്താവാണ്. ഭാഷാ സാഹിത്യം, ബൈബിള്‍ കവിതകള്‍, ഖണ്ഡകാവ്യങ്ങള്‍, കവിതകള്‍ എന്നീ വിഭാഗങ്ങളില്‍ പത്തിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
ഭാര്യ ഏലിക്കുട്ടി കുര്യന് (റിട്ട. ടീച്ചര്‍, സെന്റ് മേരീസ് ഹൈസ്കൂള്‍, കോടിക്കുളം) കലൂര്‍ അറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പ്രൊഫ. മേരി സി കുര്യന് (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍), ഡോ. ടെസ്സി സി കുര്യന് (ഇ.എസ്.ഐ. ഹോസ്പിറ്റല്‍, എഴുകോണ്‍), അജി സി കുര്യന് (ലൈഫ് കെയര്‍ മെഡിക്കല്‍ ഡയഗ്നോസിസ്, തൊടുപുഴ). മരുമക്കള്‍: മാത്യു കെ. അബ്രാഹം (അഡീ. ജനറല്‍ മാനേജര്‍, പവര്‍ഹൗസ്), ഡോ. സുരേഷ് കുമാര്‍ (റേഡിയോളജിസ്റ്റ്, തിരുവനന്തപുരം), മാത്യു അമ്പൂക്കന് (ലൈഫ് കെയര്‍, തൊടുപുഴ). കൊച്ചുമക്കള്‍ : ഡോ. വര്‍ഷ (ജൂബിലി മിഷന് മെഡിക്കല്‍ കോളേജ്), എബി (ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍), വര്‍ണ, ശില്‍പ്പ, ഹൃതിക്, ജേര്ട്ടിന്, ജൂവാന്‍.