പുതിയ ലഹരിക്ക് പിന്നാലെ യുവ തലമുറ; കഞ്ചാവ് മിഠായി രൂപത്തിലും
നെടുങ്കണ്ടം: പുതിയ ലഹരിക്കു പിന്നാലെ പുതുതലമുറ. കഞ്ചാവ് മിഠായി രൂപത്തിലും. കഴിഞ്ഞ ദിവസം ഇടുക്കിയിലെ കമ്പം മേട്ടില്‍നിന്ന് ബിഹാര്‍ സ്വദേശികളില്‍ നിന്നാണ് മിഠായി പിടിച്ചെടുത്തത്. 35 പൊതി മിഠായികളാണ് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. മിഠായി ആയതിനാല്‍ കൈയ്യില്‍ സൂക്ഷിക്കാനും, മറച്ചുവെയ്ക്കാനും എളുപ്പമാണെന്നാണ് എക്സൈസ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.
കമ്പംമെട്ടില്നിന്നു പിടികൂടിയ കഞ്ചാവ് മിഠായിയുടെ ഉറവിടം മധ്യപ്രദേശിലെ ഇന്‍ഡോര്‍ മുതല്‍ ബിഹാര്‍ വരെ വ്യാപിച്ചുകിടക്കുന്ന ലഹരി ബെല്‍റ്റാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലും ബിഹാറിലും ആയുര്‍വേദ ഔഷധം എന്ന നിലയില്‍ പാരമ്പര്യ വൈദ്യന്മാര് വര്‍ഷങ്ങളായി കഞ്ചാവ് മിഠായി ഉപയോഗിക്കുന്നുണ്ട്. കഞ്ചാവ് വാറ്റിയെടുക്കുന്ന സത്തു ചേര്‍ത്താണ് മിഠായിയുടെ നിര്‍മാണം.
എന്നാല്‍, കേരളത്തില്‍ ഇത് നിയമവിരുദ്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും എക്സൈസ് വകുപ്പുകളുടെ സഹായം അധികൃതര്‍ തേടിയിട്ടുണ്ട്. ബിഹാറില്‍നിന്നും ലഹരിമരുന്ന് കടത്തുന്നത് പ്രധാനമായും റെയില്‍വെയെ വഴിയാണ്. പാഴ്സലായും തൊഴില്‍തേടി മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ കൈവശമാണ് ഇവ കൊടുത്തയയ്ക്കുക.
10 രൂപയ്ക്ക് ബിഹാറില്‍നിന്ന് വാങ്ങുന്ന മിഠായി മറ്റു സംസ്ഥാനങ്ങളില്‍ എത്തിച്ച് 300 മുതല്‍ 600 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. ചെന്നൈ, െബംഗളൂരു തുടങ്ങിയ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മിഠായിയുടെ വില്‍പ്പന കൂടുതല്‍. കേരളത്തില്‍ മദ്യവും കഞ്ചാവും അടക്കമുള്ള ലഹരിവസ്തുക്കള്‍ വന്‍തോതില്‍ പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ്, താരതമ്യേന പെട്ടെന്ന് തിരിച്ചറിയാത്ത കഞ്ചാവ് മിഠായി, എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ തുടങ്ങിയവ അതിര്‍ത്തി കടന്നെത്തുന്നതെന്നും എക്സൈസ് അധികൃതര്‍ പറയുന്നു.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചതിനാലാണ് കമ്പംമെട്ടില്‍ കഞ്ചാവും കണ്ടെത്തിയത്. ഇവിടെനിന്നും പിടികൂടിയ മിഠായികള്‍ എറണാകുളത്തെ എക്സൈസ് ഫൊറന്‍സിക് ലാബില്‍ വിശദമായ പരിശോധനയ്ക്കയച്ചു. കഞ്ചാവ് മിഠായി നിര്‍മിച്ച് രാജ്യത്തുട നീളം വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയെയാണ് പിടികൂടിയതെന്നും എക്സൈസ് പറഞ്ഞു