കെ.പി.സി.സി അദ്ധ്യക്ഷന്‍; വി.ഡി സതീശനും, പി.സി വിഷ്ണുനാഥും പരിഗണനയില്‍ . . . !
ന്യൂഡല്‍ഹി: കേരള പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പരിഗണനയില്‍ പി.സി.വിഷ്ണു നാഥും വി.ഡി.സതീശനുമെന്ന് സൂചന. പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ യുവാക്കള്‍ വരണമെന്ന് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
എ.ഐ.സി.സി അദ്ധ്യക്ഷന്റെ ഈ പുതിയ നിലപാടാണ് വിഷ്ണുനാഥിനും സതീശനും അനുകൂലമായി മാറുന്നത്.
നിലവില്‍ കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ ചുമതലയില്‍ കെ.സി വേണുഗോപാലിനൊപ്പം വിഷ്ണുനാഥിനെയും രാഹുല്‍ നിയോഗിച്ചിരിക്കുകയാണ്. യുവ നേതൃത്വം കേരളത്തില്‍ പാര്‍ട്ടി തലപ്പത്ത് വന്നാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റുമെന്ന നിലപാടിലാണ് രാഹുല്‍.
എ.കെ.ആന്റണിയുടെ ശുപാര്‍ശയെ തുടര്‍ന്ന് നിയമിച്ച എം.എം ഹസ്സനെ മുന്‍ നിര്‍ത്തി ലോക് സഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടിയുണ്ടാകുമെന്ന ‘സന്ദേശം’ കേരളത്തില്‍ നിന്നും തന്നെ ഹൈക്കമാന്റിന് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്ന ആശങ്കയുള്ളതിനാല്‍ പുതിയ അധ്യക്ഷനെ നോമിനേറ്റ് ചെയ്യാനാണ് നീക്കം.
കോണ്‍ഗ്രസ്സിലെ എ വിഭാഗം പി.സി.വിഷ്ണുനാഥ് കെ.പി.സി.സി പ്രസിഡന്റാകണമെന്ന നിലപാടിലാണ്. പി.പി തങ്കച്ചന് പകരം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ.മുരളീധരനെ നിയോഗിക്കണമെന്ന താല്‍പ്പര്യവും ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്.
നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനം, യു.ഡി.എഫ് ചെയര്മാന്, കണ്‍വീനര്‍ സ്ഥാനങ്ങള്‍, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എന്നിവയില്‍ ഒരു സ്ഥാനവും എ ഗ്രൂപ്പിനില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണികളും ശക്തമായ സംഘടനാ സംവിധാനവുമുള്ള എ ഗ്രൂപ്പിനെ ഇനി തഴഞ്ഞ് മുന്നോട്ട് പോകാന്‍ സമ്മതിക്കില്ലന്ന വാശിയിലാണ് അണികള്‍. വി.ഡി സതീശന് ഐ ഗ്രൂപ്പുകാരനാണെങ്കിലും സതീശനേക്കാള്‍ എം.എം ഹസ്സന് തുടരുന്നതിലാണ് രമേശ് ചെന്നിത്തലയ്ക്കും താല്‍പ്പര്യമത്രെ.
ഉമ്മന്‍ ചാണ്ടിയാകട്ടെ സരിത വിഷയത്തില്‍ പൂര്‍ണ്ണമായി അഗ്നി ശുദ്ധി വരുത്തിയിട്ടേ ഇനി സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയുള്ളു എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഇതേ തുടര്‍ന്ന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ.മുരളിധരനെ കൊണ്ട് വന്ന് ഐ ഗ്രൂപ്പിനെ വെട്ടിലാക്കാന്‍ എ ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. മുരളിയെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയാലും എ ഗ്രൂപ്പ് സ്വാഗതം ചെയ്യും.
അതേ സമയം ചെങ്ങന്നൂരില്‍ യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ എം.എം ഹസ്സന്റെ മാത്രമല്ല, രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനവും പരുങ്ങലിലായേക്കും.
മണ്ഡലം നില നിര്‍ത്താന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തില്‍ സി.പി.എം കാടിളക്കിയുള്ള പ്രചരണമാണ് നടത്തുന്നത്. മുന്‍ സ്ഥലം എം.എല്‍.എയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ശോഭനാ ജോര്‍ജ്ജും സി.പി.എമ്മിനൊപ്പമാണ്.
ബി.ജെ.പിയാകട്ടെ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയാല്‍ പോലും രാഷ്ട്രീയമായി വന്‍ നേട്ടമാകുമെന്നതിനാല്‍ മുഴുവന്‍ ശക്തിയും മണ്ഡലത്തില്‍ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തനം.
കോണ്‍ഗ്രസ്സ് മണ്ഡലം തിരുച്ചു പിടിക്കാന്‍ ശക്തമായി രംഗത്തുണ്ടെങ്കിലും കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇത്തവണ ഒപ്പം ഇല്ലാത്തത് അവരുടെ ചങ്കിടിപ്പിക്കുന്നുണ്ട്. മണ്ഡലത്തില്‍ 60,000ത്തോളം കൃസ്ത്യന്‍ വോട്ടുകള്‍ വിജയിക്കാന്‍ നിര്‍ണ്ണായകമാണ്.
ഇതിനിടെ ഉത്തര്‍ പ്രദേശ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നടനും മുതിര്‍ന്ന നേതാവുമായ രാജ് ബബ്ബര്‍ രാജിവച്ചിട്ടുണ്ട്. ഗോരഖ്പുര്‍, ഫുല്പുര് ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിനു ദിവസങ്ങള്‍ക്കു ശേഷമാണ് ബബ്ബറിന്റെ രാജി.
പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ യുവാക്കള്‍ വരണമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഗോവ കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശാന്താറാം നായിക് രാജി വച്ചിരുന്നു. ഗുജറാത്ത് പിസിസി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയും രാജിവെച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.