സന്തോഷിക്കാൻ വരട്ടെ, മായാവതിയുടെ ‘ഭാവി’ ബി.ജെ.പിയുടെ കയ്യിൽ, കേസിൽ കുരുങ്ങും ! !
ന്യൂഡല്‍ഹി: യു.പിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ആവേശം കൊള്ളുന്ന പ്രതിപക്ഷം സന്തോഷിക്കാന്‍ വരട്ടെ . . ‘പന്ത് ഇപ്പോഴും ബി.ജെ.പിയുടെ ക്വാര്‍ട്ടില്‍’ തന്നെയാണ്.
മായാവതിക്കെതിരായ അഴിമതി സംബന്ധമായ പരാതികളില്‍ ബി.ജെ.പി സര്‍ക്കാര്‍ പിടിമുറുക്കിയാല്‍ മായാവതി അഴിക്കുള്ളിലാവുന്ന സാഹചര്യമാണ് ഉണ്ടാകുക.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി കഴിഞ്ഞാല്‍ തൊട്ടടുത്ത സ്വാധീനശക്തിയുള്ള രണ്ട് പാര്‍ട്ടികള്‍ (എസ്.പി- ബി.എസ്.പി) ഒന്നിച്ചത് കൊണ്ടാണ് ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റില്‍ പ്രതിപക്ഷത്തിന് വിജയം സാധ്യമായത്.
ബി.എസ്.പി അദ്ധ്യക്ഷ മായാവതിയെ ലക്ഷ്യമിട്ട് ബി.ജെ.പി, ഇനി നിയമ നടപടി ശക്തമാക്കുമെന്നാണ് സൂചന. മായാവതി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ വന്‍ അഴിമതി ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതില്‍ പലതും ഇപ്പോള്‍ സി.ബി.ഐയുടെ പരിഗണനയിലുമാണ്.
യു.പിയിലെമ്പാടും കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിച്ചതടക്കം മായാവതിയുടെ ധൂര്‍ത്തിനെതിരായ ജനവിധി കൂടിയായിരുന്നു അവരെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞിരുന്നത്.
ഇതിനു ശേഷം അധികാരത്തില്‍ വന്ന സമാജ് വാദി പാര്‍ട്ടി സര്‍ക്കാറില്‍ നിന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തിന് ഇവിടെ ഭരണം പിടിച്ചിരുന്നത്.
രാജ്യത്ത് ഏറ്റവും അധികം എം .പിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടി(എസ്.പി )ക്കും ബി.എസ്.പിക്കും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയ രാഷ്ട്രീയത്തിലും ഏറെ പ്രാധാന്യമുണ്ടായിരുന്നു.
യു.പിയില്‍ നിന്നും 80 എം.പിമാര്‍ ലോക് സഭയെ പ്രതിനിധീകരിക്കുന്നുണ്ട് എന്നതിനാല്‍ ബി.ജെ.പി ഒഴികെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന എല്ലാ മുന്നണി സര്‍ക്കാറുകളിലും ഈ പാര്‍ട്ടികളിലെ നേതാക്കള്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ കിംഗ് മേക്കര്‍മാര്‍.
ജാതി രാഷ്ട്രീയത്തിനും യാദവ രാഷ്ട്രീയത്തിനും റെഡ് സിഗ്നല്‍ ഉയര്‍ത്തി തകര്‍പ്പന്‍ വോട്ടിന്റെ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബി.എസ്.പിക്കും സമാജ് വാദി പാര്‍ട്ടിക്കും ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാണ് ഏല്‍പ്പിച്ചിരുന്നത്.
ഈ തിരിച്ചടിയില്‍ നിന്നും കരകയറാനും നിലനില്‍പ്പിനുമായാണ് ബദ്ധവൈരികളായ എസ്.പിയും ബി.എസ്.പിയും ശത്രുത മറന്ന് ഒന്നിച്ചിരുന്നത്.
സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.എസ്.പി പിന്തുണ പ്രഖ്യാപിച്ചതാണ് രണ്ട് സിറ്റിങ് സീറ്റുകളിലും ബി.ജെ.പിയുടെ തിരിച്ചടിക്ക് കാരണമെന്നാണ് സംഘപരിവാര്‍ നേതൃത്വം വിലയിരുത്തുന്നത്.
ഈ സാഹചര്യം ലോകസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മായാവതിയെ പ്രതിരോധത്തിലാക്കുകയാണ് ഇനിയുള്ള പോംവഴി എന്ന് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
മായാവതിക്കെതിരായ നിയമ നടപടികള്‍ ശക്തമാക്കി വരുതിയിലാക്കാനാണ് ഇനിയുള്ള നീക്കങ്ങളെന്നാണ് സൂചന.
മായാവതി യു.പി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ലോകയുക്തയാണ് ഇതിനെതിരെ റിപ്പോര്‍ട്ട് തയാറാക്കിയത്. മായാവതിയുടെ വിശ്വസ്തനും മുന്‍ മന്ത്രിയുമായ നസിമുദ്ദീന് സിദ്ദിഖിയും, ബാബു സിങ് കുശ്വയുമാണ് കോടികളുടെ അഴിമതിക്ക് കൂട്ടുനിന്നതെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
14 ദളിത് നേതാക്കളുടെ പ്രതിമകള്‍ നിര്‍മിക്കുന്നതിന് 5,919 കോടിയാണ് മൊത്തം വകയിരുത്തിയത്. ഇതില്‍ 30 ശതമാനവും വെട്ടിപ്പ് നടത്തിയതിനാല്‍ കുറ്റക്കാരായവരില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കണമെന്നും ലോകായുക്ത ജഡ്ജി എന്‍ കെ മെഹറോത്ര ശുപാര്‍ശ ചെയ്തിരുന്നു.
നസിമുദീന്‍ സിദ്ദിഖിക്കും ബാബു സിങ് കുശവയ്ക്കുമെതിരെ പ്രധാന പ്രതികളാക്കി എഫ്.ഐ.ആര് ഫയല്‍ ചെയ്യാനും ലോകായുക്ത നിര്‍ദേശിച്ചിരുന്നു. അഴിമതിയില്‍ 199 പേര് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ സി.ബി.ഐ അന്വേഷണം നടത്തിയാല്‍ മായാവതി പ്രതിരോധത്തിലാകും. ഇത്തരമൊരു നിര്‍ണായക നീക്കത്തിന് യു.പിയിലേയും കേന്ദ്രത്തിലേയും ബിജെപി സര്‍ക്കാരുകള്‍ ഉടന്‍ നീക്കം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് പതിനായിരം കോടിയുടെ അഴിമതിക്കേസിലും മായാവതി പ്രതിക്കൂട്ടിലാണ് ഈ കേസില്‍ സിബിഐ അവരെ ചോദ്യം ചെയ്തിരുന്നു. 2007-2012 കാലഘട്ടത്തില്‍ മായാവതി അധികാരത്തിലിരിക്കെ നടന്ന അഴിമതിയുടെ കേസാണിത്.