യുപി ഉപതെരഞ്ഞെടുപ്പ്: ഫുല്‍പുരിലും ഗോരഖ്പുരിലും എസ്പിക്ക് ജയം; ബിജെപിക്ക് വന്‍ തിരിച്ചടി; ബീഹാറില്‍ ആർജെഡി
ഗോരഖ്പൂര്‍: യുപി ഉപതെരഞ്ഞെടുപ്പില്‍ കാലിടറി ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും ബിജെപി സ്ഥാനാര്‍ഥികള്‍ക്കു കനത്ത തോല്‍വി. രണ്ടിടത്തും സമാജ്വാദി പാര്‍ട്ടി (എസ്പി) അട്ടിമറി ജയം സ്വന്തമാക്കി. ബിഎസ്പി പിന്തുണയോടെയാണു എസ്പിയുടെ വിജയം. രണ്ടിടത്തും കോണ്‍ഗ്രസിനു കെട്ടിവച്ച കാശു നഷ്ടമായി.
ഗോരഖ്പുരില്‍ എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 26,000ത്തിലേറെ വോട്ടുകള്‍ക്കും ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ 59,000ത്തിലേറെ വോട്ടുകള്‍ക്കുമാണു ബിജെപി സ്ഥാനാര്‍ഥികളെ തറപറ്റിച്ചത്. യോഗി ആദിത്യനാഥ് അഞ്ചു വട്ടം തുടര്‍ച്ചയായി ജയിച്ചുവന്ന ഗോരഖ്പുരില്‍ ഉപേന്ദ്ര ദത്ത് ശുക്ലയും ഫുല്‍പുരില്‍ കൗശലേന്ദ്ര സിങ് പട്ടേലുമായിരുന്നു ബിജെപി സ്ഥാനാര്‍ഥികള്‍. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണു ഫുല്പുര്
ഗോരഖ്പുർ
ഗോരഖ്പുരിൽ ഏകപക്ഷീയമായി ജയിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണു തകർന്നത്. കഴിഞ്ഞ അഞ്ചു വട്ടം യോഗി ആദിത്യനാഥ് തുടർച്ചയായി ജയിച്ചുവന്ന മണ്ഡലമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി ഒരു വർഷം പിന്നിടുമ്പോഴെത്തുന്ന ഈ ഫലം, യുപിയിലും ദേശീയ തലത്തിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തേടുന്ന പ്രതിപക്ഷ പാർട്ടികൾക്കു പുത്തനുണർവു പകരുന്നതാണ്.
ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനിൽക്കുന്നെന്ന പ്രത്യേകതയാണു യുപി ഉപതെരഞ്ഞെടുപ്പിനുള്ളത്.
ബിഹാറിലും ബിജെപിക്ക് തിരിച്ചടി
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിലെ അരരിയയിലും ബിജെപി സ്ഥാനാർഥി പിന്നിലാണ്. ഇവിടെ ആർജെഡി സ്ഥാനാർഥി സർഫറാസ് ആലം മുന്നിലാണ്. ആർജെഡിയുടെ സിറ്റിങ് സീറ്റാണിത്. ആർജെഡി എംപിയുടെ മരണത്തെത്തുടർന്നാണു തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
അതേസമയം, ഉപതെരഞ്ഞെടുപ്പു നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബാബുവയിൽ ബിജെപി സ്ഥാനാർഥി റിങ്കി റാണി പാണ്ഡെ ജയിച്ചു. ഇവരുടെ ഭർത്താവ് ആനന്ദ് ഭൂഷൻ പാണ്ഡെയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. കോൺഗ്രസിലെ ശംഭു പട്ടേലിനെ തോൽപ്പിച്ചാണു റിങ്കി ബിജെപിക്കായി സീറ്റു നിലനിർത്തിയത്.
അതേസമയം, ജെഹനാബാദിൽ ആർജെഡി സ്ഥാനാർഥി കുമാർ കൃഷ്ണ മോഹനും ജയിച്ചുകയറി. ജെഡിയു സ്ഥാനാർഥി അഭിറാം ശർമയെ 35,036 വോട്ടുകൾക്കാണു കൃഷ്ണ മോഹൻ തോൽപ്പിച്ചത്.