സഭാ ഭൂമിയിടപാട്: കര്‍ദിനാള്‍ ആലഞ്ചേരി ഒന്നാം പ്രതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊച്ചി: എറണാകുളം – അങ്കമാലി രൂപതയുടെ ഭൂമിയിടപാട് വിഷയത്തിൽ കർദിനാൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. നിയമോപദേശം തേടിയ ശേഷമാണു പൊലീസ് കേസെടുത്തത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യൻ വടക്കുമ്പാടൻ, ഇടനിലക്കാരൻ സജു വർഗീസ് എന്നിവർക്ക് എതിരെയാണു കേസ്.
കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കൊച്ചി സെൻട്രൽ പൊലീസിനു ലഭിച്ചത്. ഇതേത്തുടർന്നാണു നിയമോപദേശം തേടിയതും കേസെടുത്തതും. ഐപിസി 420 (നേട്ടത്തിനായി വഞ്ചന), 402 (വിശ്വാസ വഞ്ചന), 406 (ചതി), 120ബി (ഗൂഢാലോചന) എന്നീ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ കാണാം എന്നു ഹൈക്കോടതി പറഞ്ഞിരുന്നു. ഇടപാടുകളില്‍ സാരമായ അപാകതയുണ്ട്. ബാങ്ക് രേഖകളിലും പ്രശ്നങ്ങളുണ്ട്. രൂപത കമ്മിഷന്റെ നിഗമനങ്ങളും ഇടനിലക്കാരന്റെ മൊഴിയും തമ്മില്‍ വൈരുധ്യം നിലനിൽക്കുന്നു. രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദിനാളിനു ബാധ്യതയുണ്ട്. കർദിനാൾ, രണ്ടു വൈദികർ, ഇടനിലക്കാരൻ എന്നിങ്ങനെ നാലുപേരെ പ്രതിചേർക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
അങ്കമാലി സ്വദേശി മാര്‍ട്ടിനായിരുന്നു ആദ്യ പരാതിക്കാരൻ. ഈ പരാതിയിൽ പോലീസ് കേസ് എടുക്കാതെ വന്നതോടെയാണ് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയിലെത്തിയതും അനുകൂല ഉത്തരവ് നേടിയതും. ഇതിൽ ആരുടെ പരാതിയിൽ കേസെടുക്കണം, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് എജിയെ സമീപിച്ചത്.