ത്രിപുര ‘പാഠം’ യു.പിയില്‍ സമാജ് വാദി പാര്‍ട്ടി-ബി.എസ്.പി സഖ്യം ഇപ്പോള്‍ ശാശ്വതമാകുന്നു
ലക്നൗ: ത്രിപുര ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലും സമവാക്യങ്ങള്‍ മാറ്റുന്നു.
ലോക് സഭയില്‍ ഏറ്റവും അധികം എം.പിമാരെ തിരഞ്ഞെടുത്തയക്കുന്ന യു.പി യില്‍ രണ്ട് ലോക് സഭാ സീറ്റുകളില്‍ മാര്‍ച്ച് 11ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനാണ് ബി.എസ്.പിയുടെ തീരുമാനം.
യു.പി രാഷ്ട്രീയത്തിലെ ശക്തരും മുന്‍ മുഖ്യമന്ത്രിമാരുമായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ഇതു സംബന്ധമായി ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്തി കഴിഞ്ഞു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനവും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രി പദവും എറ്റെടുത്തതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ആദിത്യനാഥ് കഴിഞ്ഞ അഞ്ചു വട്ടവും വിജയിച്ച മണ്ഡലമാണ് ഖൊരക് പുര്‍, ഫില്പുരും ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. ഈ രണ്ട് കാവികോട്ടകള് ഉപതിരഞ്ഞെടുപ്പിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ മോദിയുടെ രണ്ടാമൂഴത്തിന് അത് വന്‍ തിരിച്ചടിയാകും.
80 ലോക് സഭാ അംഗങ്ങളുള്ള യു.പിയില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകളിലും വിജയിച്ചത് ബി.ജെ.പിയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസി അടക്കം ഉള്‍പ്പെടുന്ന സംസ്ഥാനമായതിനാല്‍ ഇവിടെ ചെറിയ തിരിച്ചടി നേരിട്ടാല്‍ പോലും ദേശീയ തലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും.
ത്രിപുരയില്‍ ചെങ്കോട്ട തകര്‍ത്ത ആവേശത്തില്‍ നില്ക്കുന്ന ബി.ജെ.പിയെ ഏറെ ആശങ്കപ്പെടുത്തുന്നതാണ് യു.പിയിലെ സമാജ് വാദി പാര്‍ട്ടി-ബി.എസ്.പി ധാരണ. വോട്ട് ശതമാനം നോക്കുമ്പോള്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചാല്‍ യു.പി തൂത്ത് വാരുവാനാണ് സാധ്യത.
ഉപതിരഞ്ഞെടുപ്പിലെ ഈ കൂട്ട് കെട്ട് ലോക് സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ അത് ‘അപകട’മാകുമെന്നതാണ് ബി.ജെ.പിയെ ഏറെ ഭയപ്പെടുത്തുന്നത്.