ഇതുപോലൊരു മുഖ്യമന്ത്രിയെ ഇനി കിട്ടുമോ ? ദരിദ്ര മുഖ്യമന്ത്രിയെ തിരസ്ക്കരിച്ചവരോട് . . .
അഗര്‍ത്തല: സാമൂഹിക സുരക്ഷയിലും സാക്ഷരതയിലും ഇടതുഭരണത്തിന് കീഴില്‍ ഏറെ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് ത്രിപുര.
രാഷ്ട്രപതി മുതല്‍ സാധാരണക്കാര്‍ വരെ ഒരു പോലെ ബഹുമാനിച്ചു പോവുന്ന ലളിത ജീവിത ശൈലി പിന്തുടരുന്ന രാജ്യത്തെ ഏക മുഖ്യമന്ത്രിയും മണിക് സര്‍ക്കാറെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമാണ്.
തുച്ഛമായ ശബളം മാത്രം വാങ്ങുന്ന ഈ ‘ദരിദ്രനായ’ മുഖ്യമന്ത്രിയെയാണ് ഇന്ന് ജനവിധിയിലൂടെ ത്രിപുര നിരാകരിച്ചിരിക്കുന്നത്.
1972ല്‍ മേഘാലയയ്ക്കും മണിപ്പൂരിനുമൊപ്പമാണ് ത്രിപുര സംസ്ഥാനം രൂപീകൃതമായത്. 1987ല്‍ സി.പി.എം ആദ്യമായി ഇവിടെ അധികാരത്തിലെത്തി. 1988-1993 കാലഘട്ടത്തിലൊഴികെ ത്രിപുര ഭരിച്ചത് സി.പി.എമ്മാണ്. 1993-1998 കാലഘട്ടത്തില്‍ ദശരഥദേബായിരുന്നു മുഖ്യമന്ത്രി. അതിനു ശേഷമാണ് മണിക് സര്‍ക്കാര്‍ നായകസ്ഥാനം ഏറ്റെടുത്തത്.
ഇന്നലെ വരെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങളേക്കാള്‍ താമരയില്‍ പുതിയ സ്വപ്നം കാണുന്ന പുതിയ തലമുറയാണ് ചെങ്കൊടിക്ക് മേല്‍ കാവി ആധിപത്യം സൃഷ്ടിക്കാന്‍ വഴി ഒരുക്കിയത്.
പിറന്ന് വീണ അന്നു മുതല്‍ ചെങ്കൊടി ഭരണം കാണുന്ന പുതു തലമുറയോട് ‘നമുക്ക് മാറാം ‘ എന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ ഹൈടെക് പ്രചരണത്തില്‍ ഇവരില്‍ വലിയ വിഭാഗവും വീണു പോയി എന്നതാണ് യാഥാര്‍ത്ഥ്യം.
കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയെ ‘സ്വര്‍ഗ്ഗമാക്കും’ എന്ന വാഗ്ദാനം നല്ലൊരു വിഭാഗവും വിശ്വസിച്ചു.
ഗോത്ര വര്‍ഗങ്ങള്‍ക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന വിഘടനവാദം ഉയര്‍ത്തിയ ഐ.പി.എഫ്.ടി പാര്‍ട്ടിയുടെ പിന്തുണയും ബി.ജെ.പിക്ക് നേട്ടമായി. ത്രിപുരയിലെ ജനങ്ങളെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രമാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നും അഞ്ച് എം.എല്‍.എമാരുമായി എത്തിയ സുദീപ് റോയ് ബര്‍മനും ബി.ജെ.പി വിജയത്തില്‍ നിര്‍ണ്ണായക ഘടകമായി.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, വാരണസിയില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ച ആര്.എസ്.എസ് നേതാവ് സുനില്‍ ദിയോധര്‍ എന്നിവരാണ് ത്രിപുരയില്‍ ബി.ജെ.പി പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി പ്രചരണ യോഗങ്ങളില്‍ പ്രസംഗിച്ചു.
കാല് നൂറ്റാണ്ടായി തുടര്‍ച്ചയായി സി.പി.എം നേതൃത്വത്തില്‍ ചുവപ്പണിഞ്ഞ സംസ്ഥാനമാണ് ത്രിപുര. ചെങ്കോട്ടയായിരുന്ന അയല്‍ സംസ്ഥാനം ബംഗാള്‍ കൈവിട്ടപ്പോഴും ത്രിപുര ചുവപ്പിനെ കൈവിട്ടിരുന്നില്ല.
കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായി കാവിയണിഞ്ഞതാണ് ഈ കൊച്ചു സംസ്ഥാനത്ത് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിക്ക് വഴി ഒരുക്കിയത്.
മണിക് സര്‍ക്കാറിന് പകരം ഇനി ത്രിപുരയെ നയിക്കുക ബിപ്ലബ് കുമാറായിരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റാണ് ഈ നാല്‍പ്പത്തിയെട്ടുകാരന്‍.
പാവങ്ങളില്‍ ഒരുവനായി മുഖ്യമന്ത്രിയായിട്ടും ജീവിച്ചിരുന്ന മണിക് സര്‍ക്കാറിന്റെ പാതയല്ല ബിപ്ലബ് കുമാര്‍ പിന്തുടരുക എന്ന കാര്യം അയാളുടെ ഇപ്പോഴത്തെ ജീവിത രീതിയില്‍ നിന്നും തന്നെ വ്യക്തമാണ്. സല്‍ഹിയില്‍ ഏറെക്കാലം പ്രഫഷനല്‍ ജിം ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ബി.ജെ.പിയിലെത്തിയത്. എസ്.ബി.ഐ പാര്‍ലമെന്റ് ഹൗസ് ശാഖയിലെ ഡപ്യൂട്ടി മാനേജരാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
ഇപ്പോള്‍ കാവിയണിയുന്ന ത്രിപുരയിലെ പുതു തലമുറയോട് പഴയ സഖാക്കള്‍ക്ക് ഓര്‍മ്മിപ്പിക്കാനുള്ളത് ‘വന്ന വഴി ഒരിക്കലും’ മറക്കരുത് എന്നതാണ്.
ഇന്ന് മോഹന വാഗ്ദാനത്തില്പ്പെട്ടും മാറ്റം ആഗ്രഹിച്ചും എടുത്ത് ചാടിയ യുവാക്കള്‍ക്ക് നാളെ അനുഭവത്തില്‍ തിരുത്തേണ്ടി വരുമെന്ന് അവര്‍ തറപ്പിച്ച് പറയുന്നു.
വിയര്‍പ്പിന്റെ വിലയും കണ്ണീരിന്റെ വേദനയും കമ്യൂണിസ്റ്റുകള്‍ കാണുന്നത് പോലെ കുത്തക മുതലാളിത്ത പാര്‍ട്ടികളും വര്‍ഗ്ഗീയ സംഘടനകളും കാണില്ലന്ന വൈകാരികമായ ഒരു ഓര്‍മ്മപ്പെടുത്തലാണ് പഴയ ഈ കമ്മ്യൂണിസ്റ്റുകളുടേത്.
കത്തുന്ന കണ്ണുകളില്‍ അവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് വീണ്ടും ഒരു വസന്തത്തിന്റെ ഇടിമുഴക്കമുണ്ടാകുമെന്ന് . . .
ഭരണം നഷ്ടപ്പെടുമ്പോഴും 44.7 ശതമാനം വോട്ട് കരസ്ഥമാക്കി ത്രിപുരയിലെ ഏറ്റവും വലിയ പാർട്ടിയായി സി.പി.എം നിലനിൽക്കുന്നത് തിരിച്ചുവരവിനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.