രാജസ്ഥാന് പുറമെ മധ്യപ്രദേശിലും ബി.ജെ.പി കോട്ടകൾ തകർത്ത് കോൺഗ്രസ്സ് മുന്നേറ്റം !
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അട്ടിമറി വിജയം നേടിയതിന് പിന്നാലെ മധ്യപ്രദേശിലും ബി.ജെ.പിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച് കോണ്‍ഗ്രസ്സ് മുന്നേറ്റം.
ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ്സ് ആണ് ബി.ജെ.പിക്ക് തിരിച്ചടി നല്കി വിജയിച്ചിരിക്കുന്നത്.
നിയമസഭ – ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാവിക്കോട്ടയിലെ ഈ അപ്രതീക്ഷിത തിരിച്ചടി ബി.ജെ.പി ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വീണ്ടും വരാന്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ എം.പിമാരെ വിജയിപ്പിക്കേണ്ടതുണ്ട്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നു. പതിനൊന്നാം റൗണ്ടിലെത്തിയപ്പോള്‍ ബിജെപി നേരിയ മുന്‍തൂക്കം കാണിച്ചിരുന്നെങ്കിലും പതിനെട്ടാം റൗണ്ട് എത്തിയതോടെ കോണ്‍ഗ്രസ്സ് മുന്നിലേക്ക് വരികയായിരുന്നു. മുംഗാവലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്ര സിംഗ് യാദവ് 70,808 വോട്ടുകള്‍ നേടി വിജയിച്ചു. കോലാറസില്‍ മഹേന്ദ്ര സിംഗ് യാദവ് 8,000ത്തിലധികം വോട്ടുകള്‍ക്കാണ് ജയിച്ചത്.
മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഇരു മണ്ഡലത്തിലും ബിജെപിയും കോണ്‍ഗ്രസും ശക്തമായ മല്‍സരമാണ് കാഴ്ചവച്ചത്. ഭരണകക്ഷിയായ ബിജെപി രണ്ടു മണ്ഡലങ്ങളിലും വീറുറ്റ പോരാട്ടം കാഴ്ചവച്ചപ്പോള്‍ കോണ്‍ഗ്രസും അരയുംതലയും മുറുക്കി രംഗത്തെത്തി. വിജയം ലക്ഷ്യമിട്ടു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി വന്പ്രചാരണമാണു നടത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ എംപിയാണു കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.
ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്സഭാ മണ്ഡലമായ ഗുണയിലാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും. കോണ്‍ഗ്രസ് എംഎല്‍എമാരായ മഹേന്ദ്ര സിംഗ് കലുകേദ, റാം സിംഗ് യാദവ് എന്നിവരുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഫെബ്രുവരി 24നാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത്.
മുംഗാവലി നിയമസഭാ മണ്ഡലത്തില്‍ 77 ശതമാനവും കോലാറസില്‍ 70 ശതമാനവും പോളിങ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 95 സീറ്റുകളില്‍ 62 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു. ഡിസംബറില്‍ നടന്ന അമൃത്സര്‍, പട്യാല, ജലന്ധര്‍ കോര്പറേഷന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം.