ഷുഹൈബ് വധം: സി.ബി.ഐ അന്വേഷിക്കാന്‍ ‘പച്ചക്കൊടി’ കാട്ടി കേന്ദ്ര സര്‍ക്കാര്‍ കരു നീക്കം
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ അഭിഭാഷകന് ഹൈക്കോടതിയെ അറിയിക്കും.
കേസ് ബാഹുല്യം കൊണ്ട് പുതിയ അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐ ചെന്നൈ ജോ. ഡയറക്ടറുടെ കീഴിലുള്ള യൂണിറ്റുകള്‍ക്ക് പരിമിതി ഉണ്ടെങ്കിലും ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന താല്‍പ്പര്യമാണ് കേന്ദ്ര സര്‍ക്കാറിനുള്ളത്.
ചെന്നൈ ജോ. ഡയറക്ടറുടെ കീഴിലാണ് കേരളത്തിലെ സി.ബി.ഐയുടെ കൊച്ചി, തിരുവനന്തപുരം യൂണിറ്റുകള്‍. ഇതില്‍ കൊച്ചി യൂണിറ്റ് സാമ്പത്തിക കുറ്റാന്വേഷണങ്ങള്‍ മാത്രമാണ് നടത്തുന്നത്.
തിരുവനന്തപുരം യൂണിറ്റിനാകട്ടെ ജോലി ഭാരം കൂടുതലുമാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്തിന്റെ സഹോദരന് ശ്രീജീവന്റെ കസ്റ്റഡി മരണക്കേസ് ആദ്യഘട്ടത്തില്‍ സി.ബി.ഐ ഏറ്റെടുക്കാതിരുന്നിരുന്നത്. എന്നാല്‍ പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സി.ബി.ഐ നിലപാട് തിരുത്തുകയായിരുന്നു.
ഷുഹൈബ് വധക്കേസ് സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടില്‍ ആക്കാന്‍ കിട്ടുന്ന ഒന്നാന്തരം ആയുധമായതിനാല്‍ അത് ഉപയോഗപ്പെടുത്തണമെന്നതാണ് ആര്.എസ്.എസ്-ബി.ജെ.പി നിലപാട്.
കേരളത്തിലെ സംഘപരിവാറിന്റെ താല്‍പ്പര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്ന് പേഴ്സണല്‍ മന്ത്രാലയമാണ് വിഷയത്തില്‍ ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് നിര്‍ദ്ദേശം.
തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിന് ‘ പരിമിതി’യുണ്ടെങ്കില്‍ ചെന്നൈ യൂണിറ്റ് അന്വേഷിക്കട്ടെ എന്നതാണ് നിര്‍ദ്ദേശമത്രെ.
ഷുഹൈബ് വധക്കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്ത് വന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകുമെന്നതിനാലാണ് കേന്ദ്രം ജാഗ്രത പുലര്‍ത്തുന്നത്.
ചുവപ്പ് ഭീകരത ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കേരളത്തില്‍ തമ്പടിച്ച് ജനരക്ഷാ യാത്ര നടത്തിയ സാഹചര്യം കൂടി പരിഗണിച്ചാണ് കേന്ദ്ര നിലപാട്.