അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ മരണം: മര്‍ദനം സ്ഥിരീകരിച്ച് മരിക്കുന്നതിന് മുന്‍പ് മധുവിന്റെ മൊഴി;
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവം നിരവധി സംസ്ഥാനമൊട്ടാകെ നിരവധി പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സിനിമാ രംഗത്തുള്ളവര്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ഒരാള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. ഇതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സംഭവത്തില്‍ പ്രതിഷേധിച്ച് മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ആംബുലന്‍സ് തടഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും സമയം വൈകിയതിനാല്‍ പോസ്റ്റ്മോര്‍ട്ട് നാളത്തേക്ക് മാറ്റി.
അതേസമയം കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു. മധുവിന്റെ മരണത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്നാണ് മന്ത്രി എ.കെ ബാലന് പറഞ്ഞത്. മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല. നാളെ മധുവിന്റെ വീട് സന്ദര്‍ശിക്കുമെന്നും കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവം ഇത്രയും ജനശ്രദ്ധ നേടുകയും ഒരു ആദിവാസി കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ശക്തമായ നടപടിയെടുക്കാന്‍ ദേശീയ പട്ടിക ജാതി പട്ടിക വികസന കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ നാട്ടുകാരുടെ മര്‍ദനം സ്ഥിരീകരിച്ച് മധു മരിക്കുന്നതിന് മുമ്പ് പൊലീസിന് മൊഴി നല്‍കിയിരുന്നതായി എഫ്ഐആര്‍ പുറത്തുവന്നു. ഏഴ് പേര് ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മധു പൊലീസിനോട് പറഞ്ഞിരുന്നതായി എഫ്ഐആറില്‍ പറയുന്നു. കാട്ടില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊണ്ടുവരികയായിരുന്നു. കള്ളനെന്ന് പറഞ്ഞാണ് അടിക്കുകയും ചവിട്ടുകയും ചെയ്തതെന്നും മൊഴി നല്കി. മൊഴി നല്കി ഏറെ നേരം വൈകാതെ മധു മരിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മധു മരിച്ചതായും എഫ്ഐആര്‍ വ്യക്തമാക്കുന്നു. മധുവിനെ പിടിച്ചുകൊണ്ടുവന്നവരുടെ പേരുകളും എഫ്ഐആറിലുണ്ട്. ഹുസൈന്, മാത്തച്ചന്, മനു, അബ്ദുല്‍ റഹ്മാന്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നീ പേരുകളാണ് മധു പറഞ്ഞത്. അതേസമയം, മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്മോര്‍ട്ടം നാളത്തേക്ക് മാറ്റി.
ഒരു ആദിവാസി യുവാവിനോട് നാട്ടുകാര്‍ ചെയ്ത ഈ കൊടുംക്രൂരതയില്‍ പ്രതിഷേധിച്ച് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആദിവാസി സമൂഹം. പ്രതികളെ പിടികൂടുന്നതുവരെ അഗളി പൊലീസ് സ്റ്റേഷനു മുന്പില് സമരം ചെയ്യുമെന്ന് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി അറിയിച്ചു. സംഭവം നിയന്ത്രണ വിധേയമാക്കാന്‍ അട്ടപ്പാടിയില്‍ ഡിവൈഎസ്പി പി.കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി എസ്പി അറിയിച്ചു. സമരത്തിന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പിന്തുണ നല്‍കിയിട്ടുണ്ട്. അതേസമയം മധുവിന്റെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സന്ദര്‍ശിക്കും. അഗളിയിലെ വീട്ടിലെത്തുന്ന പ്രതിപക്ഷ നേതാവ് കുടുംബാംഗങ്ങളുമായി ആദിവാസി സമൂഹത്തിലെ ഊര് മൂപ്പന്മാരുമായും സംസാരിക്കും.
ആള്‍ക്കൂട്ടം മധുവിനെ മര്‍ദിക്കുന്നതിനിടെ ഉബൈദ് എന്ന യുവാവ് സെല്‍ഫിയെടുത്തിരുന്നു. ഇത് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദീന്റെ സഹായി ആണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി എംഎല്‍എ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തു പങ്കെടുത്തവരുടെ ഫോട്ടോ ഉപയോഗിച്ചു തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണ്. രണ്ടു കൊല്ലം മുന്‍പു എടുത്ത ഫോട്ടോയാണിത്. പ്രചാരണത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ല. സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂ. പ്രദേശത്തെ ഒരു യുഡിഎഫ് പ്രവര്‍ത്തകനാണ് ഇക്കാര്യം രാവിലെ വിളിച്ചുപറഞ്ഞത്. ഉബൈദ് കാട്ടിലേക്കു പോയിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂവെന്നും യുഡിഎഫിന്റെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകനാണു അറിയിച്ചതെന്നും ഷംസുദീന്‍ വിശദീകരിച്ചു.