പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു; സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: സിപിഐഎം സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നു.
പാർട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വർധിക്കുന്നില്ലെന്നും എൽഡിഎഫിൽ സിപിഐഎം കഴിഞ്ഞാൽ സംസ്ഥാനമാകെ സ്വാധീനം സിപിഐക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സിപിഐക്കും സംസ്ഥാന പൊലീസിനുമെതിരെയും പ്രവർത്തന റിപ്പോർട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് തെറ്റാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിപിഐയുടെ നിലപാട് മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
14 ജില്ലാ സമ്മേളനങ്ങളിലും സിപിഐക്കെതിരെ വിമർശനങ്ങളുയർന്നതിന്റെ തുടർച്ചയായാണ് ഈ പരാമർശങ്ങളും ഉൾപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വെള്ളിയാഴ്ച ഗ്രൂപ്പ് ചർച്ച നടക്കും.സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
സംസ്ഥാന പൊലീസിനെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചു. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണം. പൊലീസ് ഭരണത്തില്‍ ജാഗ്രത വേണമെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ട്. പൊലീസില്‍ വിവിധ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉള്ളവര്‍ ഉണ്ടെന്ന് സിപിഐഎം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവരുടെ ഇടപെടലുകളാണ് സര്‍ക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഭരണം മാറിയിട്ടും പൊലീസിനെ മാറ്റാനായില്ല. മുൻ സര്‍ക്കാരിന്റെ തുടർച്ച മാത്രമാണ് ഇപ്പോഴും പൊലീസ്. പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയതിന്റെ ഗുണഫലങ്ങൾ സർക്കാരിനു ലഭിച്ചില്ലെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പിനെതിരെ ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ രൂക്ഷമായ വിമർശനങ്ങളുയരുന്നുണ്ട്. സിപിഐഎം പ്രവർത്തകർക്കു പോലും സ്റ്റേഷനിൽ കയറാൻ കഴിയുന്നില്ലെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സംസ്ഥാന സമ്മേളനത്തിലും കുറ്റപ്പെടുത്തലുകളുണ്ടാകുന്നത്.