ഡി.വൈ.എഫ്.ഐ നേതാക്കള്‍ കമ്മറ്റിയില്‍; എസ്.എഫ്.ഐ അധ്യക്ഷനില്‍ അവ്യക്തത
തൃശൂര്‍: സി.പി.എം പുതിയ സംസ്ഥാന കമ്മറ്റിയില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ എന്നിവരെ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി.
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിലപാട് നിര്‍ണ്ണായകമാകും.
വര്‍ഗ്ഗ ബഹുജന സംഘടനകളുടെ, പ്രത്യേകിച്ച് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്മാരെ സി.പി.എം സംസ്ഥാന കമ്മറ്റികളിലും സംസ്ഥാന ഭാരവാഹികളെ ജില്ലാ കമ്മറ്റിയിലും ഉള്‍പ്പെടുത്തുന്നതാണ് സി.പി.എമ്മിന്റെ ഇതുവരെയുള്ള സംഘടനാ രീതി.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന വി.ശിവദാസനെ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയിലെ പുതുമുഖമാണ്. ഇത്തവണത്തെ ജില്ലാ സമ്മേളനത്തിലാണ് സാനു ജില്ലാ കമ്മറ്റിയിലെത്തിയത്.
ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയിലേക്ക് ഉടനെ പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. വേണമെങ്കില്‍ ക്ഷണിതാവാക്കാമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
ഇക്കാര്യത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേരുന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.