ഇന്ത്യയ്ക്ക് പെണ്‍കുഞ്ഞുങ്ങള്‍ ബാധ്യതയോ?; രാജ്യത്തെ നവജാത ശിശു മരണനിരക്കില്‍ കൂടുതലും പെണ്‍കുഞ്ഞുങ്ങള്‍; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് യുനിസെഫ്
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് പെണ്‍കുഞ്ഞുങ്ങള്‍ ബാധ്യതയാകുന്നത് തെളിയിക്കുന്ന യൂണിസെഫിന്റെ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് രക്ഷയില്ലെന്ന് യുനിസെഫ് അഭിപ്രായപ്പെടുന്നു. നവജാത ശിശു മരണനിരക്ക് വളരെ കൂടുതലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് പെണ്‍കുഞ്ഞുങ്ങളാണെന്നും ഐക്യരാഷ്ട്ര സംഘടനയില്‍ കുട്ടികളുടെ വിഭാഗമായ യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. ആണ്‍കുഞ്ഞുങ്ങളോടുള്ള മനോഭാവമല്ല മാതാപിതാക്കള്‍ക്ക് പെണ്കുഞ്ഞിനോടുള്ളത്. ആണ്‍കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ ചികിത്സ തേടുന്ന പോലെ ഗൗരവം പെണ്‍കുട്ടികളുടെ ആരോഗ്യത്തില്‍ മാതാപിതാക്കള്‍ കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
2.6 കോടി കുട്ടികള്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ജനിക്കുമ്പോള്‍ 6.4 ലക്ഷം കുഞ്ഞുങ്ങളാണ് മരിക്കുന്നത്. ലോകത്ത് ഒരു വര്‍ഷം മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം 26 ലക്ഷമാണ്. മരണനിരക്കില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നതു ഞെട്ടിപ്പിക്കുന്നതാണെന്നു യുനിസെഫ് റിപ്പോര്‍ട്ട് പറയുന്നു. അഞ്ചു വയസില്‍ താഴെയുള്ളവരുടെ മരണനിരക്കില്‍ പെണ്‍കുഞ്ഞുങ്ങളാണ് മുന്നിലുള്ളത്. ജൈവപരമായി പെണ്‍കുട്ടികള്‍ ശക്തരാണെങ്കിലും അവരോടുള്ള സമീപനമാണ് ദോഷകരമായി ബാധിക്കുന്നതെന്നു യുനിസെഫ് ഇന്ത്യ പ്രതിനിധി യാസ്മിന് അലി ഹഖ് അഭിപ്രായപ്പെട്ടു. കുഞ്ഞ് ഉദരത്തില്‍ മൊട്ടിടുമ്പോഴേ പെണ്‍കുട്ടികളോടുള്ള വിവേചനം തുടങ്ങുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്ത് സൗജന്യ ചികിത്സയ്ക്കായി 700ല്‍ അധികം സര്‍ക്കാര്‍ ആശുപത്രികളുണ്ട്. എന്നാല്‍, ഇവിടെ ചികിത്സ തേടുന്നവരില്‍ 60 ശതമാനവും ആണ്‍കുട്ടികളാണ്. സമൂഹത്തില്‍ പെണ്‍കുട്ടികളോടുള്ള മനോഭാവമാണിതു കാണിക്കുന്നത്. ജോലിയും കൂലിയും നഷ്ടപ്പെടുത്തിയും വണ്ടിക്കാശു ചെലവാക്കിയും പെണ്മക്കളെ ആശുപത്രിയിലെത്തിച്ചു ചികിത്സിക്കാന്‍ മിക്ക മാതാപിതാക്കള്‍ക്കും താല്പര്യമില്ല.
ഗര്‍ഭിണിയാകുമ്പോഴേ ആണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ ജനിക്കാനാണു ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത്. നിയമവിരുദ്ധമാണെങ്കിലും മതപരമായ പല ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല എന്നതാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. വിവാഹം, സ്ത്രീധനം ഉള്‍പ്പടെയുള്ള ബാധ്യതയും പെണ്‍കുട്ടികള്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ഒഴിവാക്കുന്നത്.
ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണഹത്യ ചെയ്യുന്ന രീതിയും രാജ്യത്തെ ചില ആശുപത്രികളിലുണ്ട്. ഇന്ത്യയിലെ ലിംഗാനുപാതത്തെ തെറ്റിക്കുന്ന ഈ നടപടി കാരണം 63 ദശലക്ഷം സ്ത്രീകളെയാണു ‘കാണാതായത്’. പെണ്‍കുട്ടികളെ സംരക്ഷിക്കാനും വിദ്യാഭ്യാസം ചെയ്യിപ്പിക്കാനുമായി നിരവധി പദ്ധതികളും പ്രചാരണങ്ങളും സര്‍ക്കാരും സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട്. എന്നാല്‍ കാര്യമായ മാറ്റമുണ്ടായില്ലെന്നാണു വിലയിരുത്തല്‍.
ഏറ്റവും കൂടുതല്‍ നവജാതശിശു മരണനിരക്ക് പാകിസ്താനിലാണെന്ന് യുനിസെഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാകിസ്താനില്‍ പിറക്കുന്ന 22 കുട്ടികളില്‍ ഒരാള്‍ ഒരുമാസമെത്തും മുന്‍പേ മരിക്കുന്നു. നവജാതശിശുക്കള്‍ക്കു താരതമ്യേന ഇന്ത്യ സുരക്ഷിതമാണെങ്കിലും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന് എന്നിവയേക്കാള്‍ പിന്നിലാണ്. ആയിരം കുട്ടികള്‍ക്ക് 25.4 ആണ് ഇന്ത്യയിലെ നവജാതശിശു മരണനിരക്ക്. ശ്രീലങ്കയില്‍ ഇത് 5.2 മാത്രം.
ശിശുക്കള്‍ക്ക് ഏറ്റവും സുരക്ഷിത രാജ്യം ജപ്പാനാണ്. മരണം ആയിരത്തില്‍ ഒന്നില്‍ താഴെ മാത്രം. പാകിസ്താനില്‍ ആയിരത്തില്‍ 45.6 കുട്ടികളും മരണപ്പെടുന്നു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് (42.3), അഫ്ഗാനിസ്ഥാന് (40), സൊമാലിയ (38.8), ലെസോത്തോ (38.5) എന്നിവയാണു ശിശുക്കള്‍ക്കു നല്ലതല്ലാത്ത മറ്റു രാഷ്ട്രങ്ങള്‍.
ജപ്പാനു തൊട്ടുപിന്നില്‍ ഐസ്ഡലന്ഡ് (1), സിങ്കപ്പുര്‍ (1.1), ഫിന്‍ലന്‍ഡ് (1.2), സ്ലോവേനിയ (1.3) എന്നിങ്ങനെയാണു ശിശുസൗഹൃദ രാജ്യങ്ങള്‍. ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങള്‍ കേരളവും ഗോവയുമാണ്. ആയിരം ശിശുക്കളില്‍ ഒരുമാസമെത്തും മുന്‍പേ മരിക്കുന്നവര്‍ പത്തു മാത്രമാണ്. ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിരക്ക് ആയിരത്തിന് 44 ആണ്.