കുടുംബവുമൊത്ത് ലോകമഹാത്ഭുതമായ താജ്മഹൽ സന്ദർശിച്ച് കനേഡിയൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിൽ എത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കുടുബവുമൊത്ത് ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സന്ദർശിച്ചു.
ഭാര്യ സോഫിയ ഗ്രീഗോറിനും മൂന്നു മക്കളായ സേവ്യർ, എല്ല ക്രെയ്സ്, ഹാഡ്രിൻ എന്നിവരോടൊപ്പമാണ് ജസ്റ്റിന് ട്രൂഡോ താജ്മഹൽ കാണാൻ എത്തിയത്. ഇന്ത്യയുടെ അഭിമാനമായ താജ് മഹൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി വിദേശ പ്രതിനിധികൾ സന്ദർശിച്ചിട്ടുണ്ട്.
ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ചയാണ് ജസ്റ്റിന് ട്രൂഡോ ഇന്ത്യയിൽ എത്തിയത്. താജ് മഹൽ സന്ദർശനത്തിനു ശേഷം അദ്ദേഹം മധുരയിലേക്ക് പോകുകയും, അവിടെ വൈൽഡ് ലൈഫ് സെഞ്ച്വറി (എലിഫന്റ് കൺസർവേഷൻ സെന്റർ) സന്ദർശിക്കുകയും ചെയ്യും. കനേഡിയൻ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വന്യജീവി സങ്കേതത്തിൽ പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ജസ്റ്റിന് ട്രൂഡോ ഇന്ത്യയിലെത്തുന്നത്. സിവില്‍ ആണവ സഹകരണം, സ്പെയ്സ് റിസര്‍ച്ച്, പ്രതിരോധം, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാനും, ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്യാനും ജസ്റ്റിന് ട്രൂഡോയുടെ ഈ സന്ദർശനത്തിലൂടെ സാധിക്കും.