സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്നു കുറ്റപ്പെടുത്തിയാണു ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നുമുതല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികാരികള്‍ക്കു ഇതുസംബന്ധിച്ചു കത്ത് നല്കി.
മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നാവശ്യപ്പെട്ട് പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിക്കുകയായിരുന്നു.
ബസ്ച്ചാര്‍ജ് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് സമിതി വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 25 ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഒരു ശതമാനത്തില്‍ താഴെമാത്രമാണ് വര്‍ധനയുണ്ടായത്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിന് പുറമേ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപംനല്‍കുക, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകള്‍ മുന്നോട്ടുെവച്ചിരുന്നു.
12 സംഘടനകള്‍ക്കുകീഴിലെ 14,500-ഓളം സ്വകാര്യ ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
എന്നാല്‍ ബസ് നിരക്ക് കൂട്ടിയിട്ടും സമരം ചെയ്യുന്നത് നീതികരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.