ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍, കേരള രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണ്ണായകം
ന്യൂഡല്‍ഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. സി.പി.എം സ്ഥാനാര്‍ത്ഥിയുടെ മരണത്തോടെ മാറ്റിവച്ച ത്രിപുരയിലെ ഒരു മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും ചെങ്ങന്നൂരിനൊപ്പമാണ് നടക്കുക.
സിറ്റിങ്ങ് എം.എല്‍.എയും സി.പി.എം നേതാവുമായ കെ.കെ രാമചന്ദ്രന് നായര്‍ അന്തരിച്ച ഒഴിവിലാണ് ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ്ങ് സീറ്റ് നഷ്ടമായാല്‍ സര്‍ക്കാറിനെതിരായ വിധിയെഴുത്തായി ചിത്രീകരിക്കപ്പെടുമെന്നതിനാല്‍ സി.പി.എമ്മിന് വിജയം അനിവാര്യമാണ്.
വിജയം മാത്രമല്ല ലക്ഷ്യം,ആരാണ് ‘യഥാര്‍ത്ഥ’ പ്രതിപക്ഷമെന്ന് തെളിയിക്കുന്നതിനും യു.ഡി.എഫിനും ബി.ജെ.പിക്കും ചെങ്ങന്നൂരില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി 52,880 യു.ഡി.എഫ് 44,897 ബി.ജെ.പി 42,682 വോട്ടുകളാണ് നേടിയത്. യു.ഡി.എഫിനെ വിറപ്പിച്ച് തൊട്ടടുത്ത് എത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.
കഴിഞ്ഞ തവണ മത്സരിച്ച പി.സി.വിഷ്ണുനാഥ് യു.ഡി.എഫിന്റെയും പി.എസ്.ശ്രീധരന് പിള്ള ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.സി.പി.എം ഇതുവരെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ഒരു സൂചന പോലും പുറത്തു വിട്ടിട്ടില്ല.
സര്‍ക്കാറിനും സി.പി.എം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രചരണമാക്കി അട്ടിമറി വിജയമാണ് യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യമിടുന്നത്.
ഒരു വോട്ട് പോലും പാഴാക്കാതെ പെട്ടിയില്‍ വീഴ്ത്താന്‍ ഇപ്പോള്‍ തന്നെ ചെങ്ങന്നൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കി വരികയാണ്. സംസ്ഥാന മന്ത്രിമാരുടെ പട തന്നെ ചെങ്ങന്നൂരില്‍ തമ്പടിക്കുമെന്ന കാര്യവും ഉറപ്പാണ്.
കേന്ദ്ര ഭരണമുള്ള ബി.ജെ.പി മണ്ഡലത്തില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രത്യേക ചുമതല നല്‍കുമെന്നാണ് അറിയുന്നത്. ക്രിസ്ത്യന്‍ വോട്ടുകള്‍ നോട്ടമിട്ടാണ് ഇത്തരമൊരു നീക്കം.
നായര്‍ വോട്ടും ഈഴവ വോട്ടും ഉറപ്പിച്ചു നിര്‍ത്താന്‍ എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി യോഗം സംഘടനാ നേതാക്കളുടെ സഹായം തേടാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ് ശ്രീധരന് പിള്ളക്ക് പിന്തുണ നല്‍കുമെന്ന് പറഞ്ഞത് കാവി ക്യാംപിന് ആശ്വാസമായിട്ടുണ്ട്.
നേമത്തിന് പുറമെ ചെങ്ങന്നൂരിലും കാവി കൊടി പാറിച്ചാല്‍ യഥാര്‍ത്ഥ പ്രതിപക്ഷമായി ചിത്രീകരിക്കപ്പെടുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം.
കോണ്‍ഗ്രസ്സാവട്ടെ കഴിഞ്ഞ തവണത്തെ റിബല്‍ സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജ്ജിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. 3966 വോട്ടുകളാണ് ശോഭനക്ക് കഴിഞ്ഞ തവണ ലഭിച്ചിരുന്നത്. കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന് അനുവദിച്ച സീറ്റായതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഇവിടുത്തെ വിജയം അഭിമാന പ്രശ്നമാണ്.
സരിത ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് ചെങ്ങന്നൂരിലെ ‘ജനകീയ കോടതിയില്‍’ വിജയം വരിച്ചാല്‍ രാഷ്ട്രീയ ഉയര്‍ത്തെഴുന്നേല്‍പ്പാണ് അദ്ദേഹം സ്വപ്നം കാണുന്നത്.