ബിനോയ് കോടിയേരിയ്ക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി; 1.72 കോടി രൂപ ദുബൈ കമ്പനി ഉടമയ്ക്ക് കൈമാറി
ദുബൈ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കു ദുബൈയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ചെക്കുകേസ് ഒത്തുതീര്‍ന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കു നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്തു തീര്‍ത്തതോടെയാണു കേസ് അവസാനിച്ചത്. പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മര്‍സൂഖിയുടെ പ്രതികരണവും വന്നു.
ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും മര്‍സൂഖി പ്രതികരിച്ചു. ബിനോയ് നല്‍കാനുള്ള 1.72 കോടി രൂപ നല്കാന് തയാറാണന്നു വ്യവസായ സുഹൃത്തുക്കള്‍ മര്‍സൂഖിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍, രണ്ടു കേസുകള്‍ കൂടി ദുബായ് കോടതിയില്‍ ബിനോയിക്കെതിരെയുണ്ട്.
സാമ്പത്തിക തട്ടിപ്പുകേസില്‍ പെട്ട ബിനോയ് കോടിയേരിക്കു ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ, ദുബായില്‍ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിര്‍ഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ല്‍ ബിനോയിക്കു നല്‍കിയതെന്നു പറയുന്നത്. ഇതില്‍, പത്തുലക്ഷം ദിര്‍ഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്.
കാസര്‍കോട് സ്വദേശിയായ വ്യവസായിയാണു പണം നല്‍കിയതെന്നു റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം ഉന്നത സിപിഎം നേതാവിന്റെ ബന്ധുവാണ്. ശേഷിക്കുന്ന 20 ലക്ഷം ദിര്‍ഹവുമായി ബന്ധപ്പെട്ടു രണ്ടു കേസുകള്‍ കൂടി ബിനോയിക്കെതിരെ ദുബായ് കോടതിയില്‍ കമ്പനി നല്‍കുമെന്നാണു പറയുന്നത്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കും 49 ശതമാനം മലയാളിയായ രാഖുല്‍ കൃഷ്ണയ്ക്കുമാണ്.
കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന രാഖുല്‍ കമ്പനിയുടെ പേരില്‍ വായ്പയെടുത്താണു ബിനോയിക്കു നല്‍കിയത്. എന്നാല്‍, പണം തിരികെ കിട്ടാതെ വന്നതോടെ മര്‍സൂഖി നേരിട്ടു കാര്യങ്ങള്‍ ഏറ്റെടുത്തു. പലിശയടക്കം 13 കോടി രൂപ ബിനോയ് നല്‍കാനുണ്ടെന്നാണു കമ്പനി പറയുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്‍പു പ്രശ്നം അവസാനിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് അണിയറയില്‍ നടന്നത്.