ഓടിക്കളിക്കേണ്ട പ്രായത്തിൽ മുട്ടിലിഴയേണ്ടി വന്ന നിർമലിന് ഒടുവിൽ തുണയായത് ജില്ലാ ആയുർവേദ ആശുപത്രി
തൊടുപുഴ: ഓടിക്കളിക്കേണ്ട പ്രായത്തിൽ മുട്ടിലിഴയേണ്ടി വന്ന നിർമലിന് ഒടുവിൽ തുണയായത് ജില്ലാ ആയുർവേദ ആശുപത്രി. വളർച്ചയുടെ ഘട്ടങ്ങൾക്ക് തടസം നേരിട്ട്, കാഴ്ചശക്തിയും കേൾവിയും പ്രതികരണശേഷിയും ഇല്ലാതായ കോട്ടയം മണിമല പുത്തുരേടത്ത് സജി-മഞ്ജു ദമ്പതികളുടെ മകൻ നിർമലാണ് ഇന്ന് സാധാരണ ജീവിതം വീണ്ടെടുക്കാൻ പോരാടുന്നത്. നേരിയ ചലനം മാത്രം പ്രകടമാക്കി ബാല്യംവരെ ജീവിച്ചെത്തിയ ഈ ഏഴു വയസുകാരൻ ഇന്ന് അച്ഛനെയും അമ്മയെയും ഉറക്കെ വിളിക്കും. പക്ഷികളെയും നിറങ്ങളെയും തിരിച്ചറിയും. എല്ലാവരോടും പരിചയഭാവത്തിൽ പുഞ്ചിരിക്കും. ഓടിനടക്കാനും പടികൾ കയറാനും നിർമലിന് പരസഹായം വേണ്ട. തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിലെ ചികിത്സ നിർമലിന് നേടിക്കൊടുത്തതാണ് ഇവ.
ജനനസമയത്ത് ശസ്ത്രക്രിയയിലുണ്ടായ നേരിയ പിഴവുമൂലംതലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണം നിലക്കുകയും ശരീരത്തിന്റെ സ്വാഭാവിക വളർച്ച തടസപ്പെടുകയുമായിരുന്നു.
ോബൽ ഡെവലപ്മെന്റ് ഡിലേ എന്ന അവസ്ഥയിലാണ് ശൈശവത്തിലും ബാല്യത്തിന്റെ പകുതിവരെയും നിർമൽ തുടരേണ്ടി വന്നത്. രണ്ടരമാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തി സാരമായി കുറഞ്ഞു. ഏഴുമാസംപ്രായമുള്ളപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയിലാണ് തലച്ചോറിനു സംഭവിച്ച ന്യൂനതയെക്കുറിച്ച് വ്യക്തമാകുന്നത്. പിന്നീട് നിരവധി സ്വകാര്യ ആശുപത്രികളെ ചികിത്സക്കായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അപസ്മാര രോഗവും വേട്ടയാടി. നാലര വയസുള്ളപ്പോഴാണ് ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുന്നത്. ആയുർവേദ ചികിത്സാ രീതികളായ ധാര, ശിരോധാര, ഞവരക്കിഴി, വസ്തി കൂടാതെ സ്പീച്ച് തെറാപ്പി ഫിസിയോതെറാപ്പി എന്നിവയാണ് ഇവിടെ നിന്നും ലഭ്യമാക്കിയത്. ചികിത്സ പുരോഗമിച്ചതോടെ അപസ്മാരത്തിനും ശമനമായി.
രണ്ടര വർഷത്തെ ആയുർവേദ ചികിത്സയിലൂടെ അതിശയകരമായ മാറ്റങ്ങളാണ് നിർമലിന്റെ ശാരീരികവും ബുദ്ധിപരവുമായ വളർച്ചയിൽ പ്രകടമായത്. സാധാരണ ജീവിതത്തിലേക്കെത്താൻ ഇനി അധികം നാൾ വേണ്ടിവരില്ല.
സ്വകാര്യ ആശുപത്രികൾക്കു പോലും എളുപ്പം സാധിക്കാനാകാത്ത നേട്ടമാണ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ നേടിയെടുത്തിരിക്കുന്നത്. മറ്റുള്ള ആശുപത്രികളിലെ ചികത്സാ ചിലവുമായി താരതമ്യപ്പെടുത്തിയാൽ വളരെ കുറഞ്ഞ തുക മാത്രമേ ഇവിടെ ചികിത്സക്ക് ആവശ്യമായി വരുന്നുള്ളൂ. നിർമലിന്റെ സമാന അവസ്ഥയിൽ ഏഴു കുട്ടികൾ ഇവിടെയുണ്ട്.
പ്രത്യേക പരിഗണന അർഹിക്കുന്ന ഇവർക്കായി പ്രത്യേകം വാർഡ് അടിയന്തിര ആവശ്യമായി ഉന്നയിക്കുന്നുണ്ടെങ്കിലും നാളിതുവരെയായി അനുവദിച്ചു കിട്ടിയിട്ടില്ല. നിലവിൽ വനിതകളുടെ വാർഡിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരിൽ നിന്നും രോഗങ്ങൾ പകരുന്നതിനും ചികിത്സക്കിടയിലെ മറ്റ് ബുദ്ധിമുട്ടുകൾക്കും ഇത്
കാരണമാകും.
പഞ്ചകർമ സ്പെഷ്യലിസ്റ്റ് ഡോ.സതീഷ് വാര്യരുടെ നേതൃത്വത്തിൽ ,ഫിസിയോതെറാപ്പിസ്റ്റ് സുമേഷ് കുമാർ, സ്പീച്ച് തെറാപ്പിസ്റ്റ് ഗ്രീന കുര്യാക്കോസ്, തെറാപ്പിസ്റ്റ് അനുരാജ് എന്നിവരാണ് ചികിത്സയുമായി നിർമലിനൊപ്പമുള്ളത് . അടുത്ത ഘട്ടം പൂർത്തിയായാൽ കുട്ടിയെ സ്പെഷ്യൽ സ്കൂളിൽ ചേർക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു.