നിലമ്പൂരിലും ഉപതിരഞ്ഞെടുപ്പിന് സാധ്യത . . തിരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചു !
മലപ്പുറം : അധികം താമസിയാതെ തന്നെ നിലമ്പൂരിലും ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. നിരവധി നിയമ ലംഘനങ്ങള്‍ക്ക് പുറമെ കര്‍ണാടകയിലെ ക്രഷറും ഭൂമിയും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും മറച്ചുവെച്ച നിലമ്പൂർ എം.എൽ.എ അന്‍വറിന്റെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും അണിയറയില്‍ തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ അരക്കോടിയുടെ ക്രഷര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ മംഗലാപുരം ബല്‍ത്തങ്ങാടിയിലെ ക്രഷറും 1.87 ഏക്കര്‍ ഭൂമിയും സ്വത്ത് വിവരത്തില്‍ നിന്നും മറച്ചുവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചതായി പൊലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 207.84 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതായാണ് അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. ഭൂപരിഷ്ക്കരണ നിയമപ്രകാരം വ്യക്തികള്‍ക്ക് പരമാവധി കൈവശം വെക്കാവുന്നത് 15 ഏക്കറാണ്. തോട്ടം ഭൂമിക്ക് മാത്രമാണ് ഇളവുള്ളത്. അന്‍വറിന്റെ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ 207.84 ഏക്കറില്‍ 202.99 ഏക്കറും കാര്‍ഷികേതര ഭൂമിയാണ്. ഇതില്‍ മംഗലാപുരത്തുള്ള ക്രഷറിയുടേയും ഭൂമിയുടെയും വിവരങ്ങളില്ല.മലപ്പുറം സ്വദേശിയായ പ്രവാസി സലീം നടുത്തൊടിയില്‍ നിന്നും ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മഞ്ചേരി പോലീസ് മംഗലാപുരം ബല്‍ത്തങ്ങാടിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടി താലൂക്കില്‍ കാരായ വില്ലേജില്‍ 22/7, 18/20, 18/22 എന്നീ സര്‍വേ നമ്പറുകളിലായി 1.87 ഏക്കര്‍ ഭൂമി ഉള്ളതായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച റവന്യൂ രേഖയും പോലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്.
ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് പി.വി അന്‍വര്‍ സ്വന്തമാക്കിയത്. ഭൂമിയും ക്രഷറും സ്വന്തമാകുന്നതിനും മൂന്ന് വര്‍ഷം മുമ്പ് 2012ലാണ് അന്‍വര്‍ പ്രവാസിയായ നടുത്തൊടി സലീമില്‍ നിന്നും ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം തട്ടിയത്.
കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ക്രഷറില്‍ 10 ശതമാനം ഓഹരിയും 50,000 രൂപ മാസ ലാഭവിഹിതവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇവിടെ ക്രഷര്‍ ഉള്‍പ്പെടുന്ന 5 കോടി വിലവരുന്ന 26 ഏക്കര്‍ തന്റെ സ്വന്തമാണെന്നാണ് പി.വി അന്‍വര്‍ വിശ്വസിപ്പിച്ചത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ രേഖകള്‍ പ്രകാരം ഭൂമിക്ക് കേവലം 10 ലക്ഷം രൂപയും ക്രഷറിന് 6.5 ലക്ഷം രൂപയും മാത്രമേ വിലയുള്ളൂ.ക്രഷറും ഭൂമിയും ഇതില്‍ നിന്നുള്ള വരുമാനവും അന്‍വര്‍ സ്വത്തുവിവരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എം.എല്‍.എയുടെ തട്ടിപ്പിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതിനെതുടര്‍ന്ന് പൊലീസ് പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സലീം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി കേസെടുക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മഞ്ചേരി പൊലീസ് പി.വി അന്‍വറിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.