ആന്റണി പെരുമ്പാവൂരിനെതിരെ സി.പി.എം , ലക്ഷ്യം മോഹന്‍ലാല്‍ തന്നെയെന്ന് സൂചന
കൊച്ചി: ആര്.എസ്.എസ് അനുകൂല ട്രസ്റ്റിന്റെ തലപ്പത്ത് വന്നതോടെ മോഹന്‍ലാലിനും ശിങ്കിടികള്ക്കുമെതിരായ നിലപാടും സി.പി.എം കടുപ്പിക്കുന്നു.
വെറും ഒരു ഡ്രൈവറായി എത്തി നിര്‍മാതാവായും തിയറ്റര്‍ ഉടമയായും മോഹന്‍ലാല്‍ ‘വാര്‍ത്തെടുത്ത’ ആന്റണി പെരുമ്പാവൂരിന്റെ നെല്‍പ്പാടം നികത്തലിനെതിരെയാണ് സി.പി.എം പ്രത്യക്ഷ സമരത്തിനിറങ്ങിയിരിക്കുന്നത്.
മൂന്നാഴ്ചത്തേക്ക് യാതൊരു പ്രവര്‍ത്തിയും നടത്തരുതെന്ന കോടതി വിലക്ക് ലംഘിച്ചാണ് പെരുമ്പാവൂരിലെ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലെ ഒരേക്കര്‍ നെല്‍പ്പാടം മോഹന്‍ലാലിന്റെ ഈ മന:സാക്ഷി സൂക്ഷിപ്പുകാരന് നികത്തുന്നത്.
അനധികൃത നികത്തലിനെതിരെ പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തിയാണ് നടക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടുവെങ്കിലും ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ പ്രദേശവാസികളുടെയും പരാതിക്കാരുടെയും വാദങ്ങള്‍ കേട്ടു തീരും വരെ സ്ഥലത്ത് യാതൊരു പ്രവര്‍ത്തിയും പാടില്ലന്നാണ് കോടതിയും നിര്‍ദ്ദേശിച്ചിരുന്നത്.
ഈ ഉത്തരവ് ലംഘിച്ചാണ് ഇപ്പോള്‍ വീണ്ടും സ്ഥലത്ത് പണികള്‍ ധ്രുതഗതിയില്‍ ആരംഭിച്ചിരിക്കുന്നത്. ഇതാണിപ്പോള്‍ സി.പി.എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമായി മനസ്സിലാക്കി തന്നെയാണ് സി.പി.എം പ്രതിഷേധം.
ആന്റണി പെരുമ്പാവൂരിന്റെ മറവില്‍ മോഹന്‍ലാല്‍ വാങ്ങി കൂട്ടിയ മറ്റു സ്ഥലങ്ങളിലും നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതും പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
പരാതി കിട്ടിയാല്‍ മോഹന്‍ലാലല്ല ഏത് വമ്പനെതിരായാലും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതു സംബന്ധമായ ചില വിവരങ്ങള്‍ നിലവില്‍ ശേഖരിച്ചു വരുന്നതായും സൂചനകളുണ്ട്.
കൈരളി ചാനല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാഷ്ട്രീയ എതിര്‍പ്പ് പേടിച്ച് പിന്‍വാങ്ങിയ മോഹന്‍ലാല്‍ ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വശാന്തി ട്രസ്റ്റിന്റെ തലപ്പത്ത് വന്നതോടെയാണ് സി.പി.എമ്മിന് അനഭിതനായത്.
എല്ലാ വിഭാഗത്തില്‍പ്പെട്ടവരായ ആരാധകര്‍ ഉള്ള ലാല്‍ ആര്.എസ്.എസ് അനുകൂല നിലപാട് സ്വീകരിച്ചതില്‍ അദ്ദേഹത്തിന്റെ ഒരു വിഭാഗം ആരാധകരിലും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
എന്നാല്‍ മുകേഷിനും ഇന്നസെന്റിനും ഒക്കെ രാഷ്ട്രീയം ആവാമെങ്കില്‍ മോഹന്‍ലാലിന് സാംസ്കാരിക പ്രവര്‍ത്തനമെങ്കിലും ആവാമെന്നതാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വാദം.
ആര്.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലന്നും വിശ്വശാന്തി ട്രസ്റ്റിന് മോഹന്‍ലാലും ആര്.എസ്.എസ് നേതാക്കളും നേതൃത്വം കൊടുക്കുന്നത് മഹാ അപരാധമായി കാണുന്നില്ലന്നും ആര്.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നു.