ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം; അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കും
ന്യൂഡല്‍ഹി: മുന്‍ സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹമരണക്കേസ് രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം. ലോയയുടെ മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ടു രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സമീപിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. കേസ് സിബിഐയ്ക്കോ എന്‍ഐഎയ്ക്കോ നല്‍കാതെ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് ലോയയുടെ വിശ്വസ്തരായിരുന്ന രണ്ടുപേരുടെ മരണം അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന കാലത്താണു ലോയയുടെ മരണം സംഭവിച്ചത്. ഇതാണു മരണത്തില്‍ ദുരൂഹത ആരോപിക്കുന്നതിനു പ്രധാന കാരണം. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കേസ് പുനഃരന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ എംപിമാരും നേതാക്കളും ഒപ്പിട്ട മൂന്നു പേജുള്ള കത്ത് രാഷ്ട്രപതിക്കു കൈമാറും.
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടു ബന്ധുക്കളുടേതായി പുറത്തുവന്ന വെളിപ്പെടുത്തലുകളെക്കുറിച്ചും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ വിശ്വസ്തനായിരുന്ന അഭിഭാഷകന് ശ്രീകാന്ത് ഖണ്ഡാല്‍കര്‍ 2015 നവംബര്‍ 29ന് എട്ടുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചത്, സുഹൃത്തായിരുന്ന റിട്ടയര്‍ ഡിസ്ട്രിക്ട് ജഡ്ജി പ്രകാശ് തോംബ്രേയുടെ മരണം എന്നിവയും അന്വേഷിക്കണം. ലോയയുടെ സുരക്ഷ പിന്‍വലിക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെടും.
അതേസമയം, കേസ് പുനഃരന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചു കത്തില്‍ പരമാര്ശമില്ലെന്നാണു സൂചന. കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജികളിന്മേല് സുപ്രീംകോടതി വാദം കേള്‍ക്കല്‍ തുടരവെയാണു പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയനീക്കം.
സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പുരിലെത്തിയ ലോയ 2014 ഡിസംബര്‍ ഒന്നിനു മരിച്ചെന്നാണു രേഖകളില്‍ പറയുന്നത്. നവംബര്‍ 30നു മരിച്ചെന്നു പൊലീസ് രേഖപ്പെടുത്തിയതു പിന്നീടു തിരുത്തിയെന്നാണു ചില മാധ്യമങ്ങള്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്.
ലോയയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അനുഗമിച്ചുവെന്നു നാലു ജഡ്ജിമാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആരും ലോയയെ അനുഗമിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ശരീരം ആശുപത്രിയില്‍ തിരിച്ചറിഞ്ഞ ഡോ.പി.ബി.റാത്തിയുടെ മൊഴി. മരിച്ചനിലയിലാണു ലോയയെ എത്തിച്ചതെന്ന് ആശുപത്രി രേഖകളില്‍ പറയുന്നു. എന്നാല്‍, പരിശോധനകളുടെയും ഭക്ഷണം സംബന്ധിച്ച ഉപദേശത്തിന്റെയും മറ്റുമായി 5540 രൂപയുടെ ബില്ലും ആശുപത്രി നല്കി. ഇതുള്‍പ്പെടെ ഒട്ടേറെ വൈരുധ്യങ്ങളാണു ലോയയുടെ മരണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.