അറബിയുടെ ‘അറബി കഥക്കൊപ്പം’ സകലരും ഒന്നിച്ചു . . ചെങ്ങന്നൂര്‍ വരെ കഥ തുടരും . .
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി വിഷയത്തില്‍ തിളച്ച് മറിഞ്ഞ് കേരള രാഷ്ട്രീയം.
മക്കള്‍ ചെയ്യുന്ന എല്ലാ കാര്യത്തിനും അച്ഛനും ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം ആക്രമണം ശക്തമാക്കി കഴിഞ്ഞു.
ബിനോയിക്ക് ദുബായില്‍ കേസില്ലന്നും യാത്രാവിലക്കില്ലന്നും നേരത്തെ പ്രഖ്യാപിച്ച കോടിയേരിയുടെ നിലപാടുകളാണ് പ്രതിപക്ഷവും മാധ്യമങ്ങളും പ്രത്യാക്രമണത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മൂന്ന് മില്യണ്‍ ദിര്‍ഹം കൊടുക്കാനുണ്ടായിരുന്നതില് രണ്ട് മില്യണും ബിനോയ് കൊടുത്ത് തീര്‍ത്തതാണെന്നും ബാക്കി ഒരു മില്യണ്‍ ദിര്‍ഹം കോടതി വഴി കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് ബിനോയിയും സഹോദരന് ബിനീഷ് കോടിയേരിയും പറയുന്നത്.
പ്രായപൂര്‍ത്തിയായ മക്കള്‍ ചെയ്ത ബിസിനസ്സില്‍ എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ അതിന്റെ പാപം മുഴുവന്‍ അച്ഛനില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഇപ്പോഴത്തെ നീക്കത്തില്‍ മക്കള്‍ കടുത്ത രോഷത്തിലാണ്.
സി.പി.എം സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ കേസിന്റെ കാര്യത്തിനായി ദുബായിലെത്തിയ ബിനോയിയെ ‘കുരുക്കിയതിലൂടെ’ കോടിയേരിയെയാണ് യു.എ.ഇ പൗരനെ മുന്‍നിര്‍ത്തി കളിക്കുന്നവര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ദുബായില്‍ ബിനോയിക്ക് ക്രിമിനല്‍ കേസില്ലന്നും യാത്രാ വിലക്ക് ഇല്ലന്നുമുള്ള കോടിയേരിയുടെ വാദം പൊളിക്കാനാണ് ഇപ്പോള്‍ പെട്ടെന്ന് തന്നെ കേസുമായി യു.എ.ഇ പൗരനും രാഹുല്‍ കൃഷ്ണയും രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ 1 കോടി 72 ലക്ഷം രൂപയുടെ ചെക്ക് കേസാണ് കൊടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമാക്കി നിര്‍ത്താന്‍ രാഹുല്‍ കൃഷ്ണക്കും അറബിക്കും മേല്‍ ബാഹ്യഇടപെടല്‍ നടക്കുന്നതായാണ് ആക്ഷേപം. തലസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചത് പോലും കോടിയേരിയെ ലക്ഷ്യമിട്ടാണെന്നാണ് പാര്‍ട്ടിയുടെ അനുമാനം.
കോടിയേരിയുടെ മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ തീര്‍ക്കട്ടെയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ വന്നാല്‍ അനുവദിച്ച് തരുന്ന പ്രശ്നമില്ലന്ന് സി.പി.എം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം പ്രതിപക്ഷ നേതാക്കളുടെ മക്കളുടെ ‘ഇടപാടുകള്‍’ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്ന സൂചനയും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.