കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍: പ്രതിഷേധക്കോട്ടയുമായി യുഡിഎഫ്
തിരുവനന്തപുരം: ഫെബ്രുവരി 6ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കോട്ട.സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധക്കോട്ട സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുതല്‍ കൊല്ലം കളക്ടറേറ്റ് വരെ 70 കിലോമീറ്റര്‍ ദൂരം യുഡിഎഫ് തീര്‍ക്കുന്ന പ്രതിഷേധക്കോട്ടയില്‍ 40000 പേര് പങ്കെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ ഭാഗമായി ശേഖരിച്ച 1.08 കോടി ഒപ്പുകള്‍ പ്രതിഷേധക്കോട്ടയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
നോട്ട് പിന്‍വലിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ്, സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം, കനത്ത ധന പ്രതിസന്ധി, തകര്‍ന്ന ക്രമസമാധാന നില, വികസന സ്തംഭനം, പദ്ധതി നടപ്പാക്കുന്നതിലെ പാളിച്ചകള്‍, സാമൂഹ്യ പെന്‍ഷനുകളുടെ നിഷേധം എന്നീ വിഷയങ്ങള്‍ പ്രതിഷേധക്കോട്ടയോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രചാരണ വിഷയമാകും.
തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേയ്ക്കുള്ള നാഷണല്‍ ഹൈവേയുടെ ഇടതു വശത്താണ് ബാനറുകള്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. 4.30 മണിയ്ക്ക് ബാനര്‍ പ്രദര്‍ശനത്തിന്റെ ട്രയല്‍ നടക്കും. 5 മണി മുതല്‍ 5.03 വരെയാണ് ബാനര്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. ഗതാഗത സ്തംഭനം ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്പില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎംഹസ്സന്‍, യുഡിഎഫ് കണവീനര്‍ പിപി തങ്കച്ചന്, പികെ കുഞ്ഞാലിക്കുട്ടി എംപി, കെ മുരളീധരന്, ശശി തരൂര്‍ എംപി, എഎ അസീസ്, അനൂപ് ജേക്കബ്, സിപി.ജോണ്‍, ഷാനിമോള്‍ ഉസ്മാന്, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പനൂര്‍ രവി, ജി ദേവരാജന്‍, വിഎസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കും.
കൊല്ലം കലക്ട്രേറ്റ് നടയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംകെമുനീര്‍, എന്‍കെ പ്രേമചന്ദ്രന് എംപി, ഷിബു ബേബി ജോണ്‍, പിസി ചാക്കോ, ജോണി നെല്ലൂര്‍, തെന്നല ബാലകൃഷ്ണ പിള്ള, സിവി.പദ്മരാജന്, വി രാംമോഹന്‍, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കും.
എംഎല്‍എമാര്‍, യുഡിഎഫ് സംസ്ഥാന ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍, യുഡിഎഫ് പോഷക സംഘടനകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയ 70 പ്രമുഖ വ്യക്തികള്‍ ഓരോ കേന്ദ്രങ്ങളിലും അണിനിരക്കും.