ബിനോയ് കോടിയേരിക്ക് ചെക്ക് കേസില്‍ ദുബൈയില്‍ യാത്രാവിലക്ക്; നാട്ടിലേക്ക് മടങ്ങാനാകില്ല
ബിനോയ് കോടിയേരി ദുബൈയില്‍ കുടുങ്ങി. നാട്ടിലേക്ക് മടങ്ങാനാകില്ല. ചെക്ക് കേസില്‍ ബിനോയിക്ക് ദുബൈയില്‍ യാത്രാവിലക്ക്. ദുബൈ ജാസ് ടൂറിസം കമ്പനിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം ഒന്നിനാണ് ദുബൈയില്‍ സിവില്‍ കേസെടുത്തത്.
അതേസമയം ബിനോയ് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്ത വിലക്കിയതിനെതിരെ രാഖുല്‍ കൃഷ്ണ നിയമനടപടിക്ക് ഒരുങ്ങുന്നു. ഇന്ന് കരുനാഗപ്പള്ളി കോടതിയെ സമീപിക്കാനാണ് തീരുമാനം. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് കോടതിയെ അറിയിക്കും. പരാതിയുടെ പകര്‍പ്പും ആവശ്യപ്പെടും.
ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകനായ ശ്രീജിത്തിനെതിരായ കേസുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്കാന് പാടില്ലെന്ന് കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളി കോടതി ഉത്തരവിട്ടത്. ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കിക്കൊണ്ട് 10 മാധ്യമ സ്ഥാപനങ്ങള്‍ക്കും തിരുവനന്തപുരം പ്രസ്ക്ലബിനുമാണ് ശനിയാഴ്ച കോടതി ഉത്തരവ് നല്‍കിയത്.
പ്രസ് ക്ലബിനും നോട്ടീസ് കിട്ടിയതോടെ, ബിനോയിക്ക് പണം കടം നല്കിയ ദുബായിലെ ജാസ് ടൂറിസം ഉടമ ഹസന് ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി ഇന്ന് അവിടെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു. വാര്‍ത്ത നല്‍കുന്നത് സംബന്ധിച്ച് മാധ്യമങ്ങളെ കോടതികള്‍ വിലക്കിയിട്ടുണ്ടെങ്കിലും പ്രസ്ക്ലബിനെതിരേ ഉത്തരവുണ്ടാകുന്നത് ഇതാദ്യമാണ്.
ബിനോയ്, ശ്രീജിത്ത് എന്നിവര്‍ക്കെതിരായ പരാതി ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ യു.എ.ഇ. പൗരനായ അല്‍ മര്‍സൂഖി ഇന്നു വാര്‍ത്താ സമ്മേളനം നടത്താനായി തിരുവനന്തപുരം പ്രസ്ക്ലബില്‍ ഹാള്‍ ബുക്ക് ചെയ്തിരുന്നു. ഇതിനിടെയാണു തനിക്കെതിരെ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് കരുനാഗപ്പള്ളി കോടതിയെ സമീപിച്ചത്.
ശ്രീജിത്തും ജാസ് ടൂറിസം കമ്പനിയുടെ പാര്‍ട്ട്ണറുമായ രാഖുല്‍ കൃഷ്ണനും തമ്മില്‍ യു.എ.ഇയില്‍ നിലനില്‍ക്കുന്ന ചവറ പൊലീസ് സ്റ്റേഷന് ക്രൈം 1698/2017 -ാം നമ്പര്‍ കേസിനെക്കുറിച്ചോ മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടിനു മുമ്പാകെയുള്ള സി.സി 777/2016-ാം നമ്പര്‍ കേസിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെക്കുറിച്ചോ യാതൊരുവിധ ചര്‍ച്ചകളോ റിപ്പോര്‍ട്ടിങ്ങോ പ്രസ്താവനകളോ നടത്തരുതെന്നാണ് കോടതിയുടെ ഉത്തരവ്.
ശനിയാഴ്ച രാത്രിതന്നെ ഉത്തരവുമായി കോടതി ജീവനക്കാര്‍ പ്രസ്ക്ലബിലെത്തി. എന്നാല്‍, ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ പ്രസ്ക്ലബിന്റെ ചുവരില്‍ നോട്ടീസ് പതിപ്പിച്ചു മടങ്ങി. ബിനോയിക്കെതിരായ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണു ശ്രീജിത്ത് കോടതിയെ സമീപിച്ചതെന്ന് ആക്ഷേപമുണ്ട്. അതേസമയം, വാര്‍ത്താ സമ്മേളനം നടത്തരുതെന്നു കോടതി ഉത്തരവിലില്ലെന്നു തിരുവനന്തപുരം പ്രസ്ക്ലബ് വ്യക്തമാക്കി. ഉത്തരവ് പ്രസ്ക്ലബില്‍ പതിച്ചിട്ടുണ്ട്. ഒരു വ്യക്തിക്കെതിരേ വാര്‍ത്തകള്‍ നല്‍കുന്നതിനാണു വിലക്ക്. വാര്‍ത്താ സമ്മേളനം നടത്താന്‍ വരുന്നവരോട് അവര്‍ ഉന്നയിക്കാന്‍ പോകുന്ന വിഷയങ്ങള്‍ എന്തെന്നു ചര്‍ച്ച ചെയ്യുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്യാറില്ലെന്നു പ്രസ്ക്ലബ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അതില്‍ ക്ലബിന് ഉത്തരവാദിത്വമില്ല. മാത്രമല്ല, ഉത്തരവില്‍ വാര്‍ത്താ സമ്മേളനം നടത്തരുതെന്നു പറയുന്നില്ല. വാര്‍ത്താ സമ്മേളനം നടത്താന്‍ വരുന്നവരോട് ഉത്തരവിനെപ്പറ്റി അറിയിക്കുകയും യുക്തമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു.