ചെങ്ങന്നൂരില്‍ ‘പൂച്ച’ സ്ഥാനാര്‍ത്ഥിക്കും നീക്കം, പുതിയ തന്ത്രങ്ങളുമായി പ്രതിപക്ഷം
ആലപ്പുഴ: ചെങ്ങന്നൂരില്‍ ഏത് നിമിഷവും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നിരിക്കെ മണ്ഡലം പിടിച്ചെടുക്കാന്‍ പ്രതിപക്ഷവും നിലനിര്‍ത്താന്‍ ഭരണപക്ഷവും നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ തവണ മുന്നണികളെ ഞെട്ടിച്ച് വലിയ മുന്നേറ്റം നടത്തിയ അഡ്വ.പി.എസ് ശ്രീധരന് പിള്ള തന്നെയായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. യു.ഡി.എഫില്‍ കോണ്‍ഗ്രസ്സ് നേതാവ് പി.സി.വിഷ്ണുനാഥിന്റെ പേരിനാണ് മുന്‍തൂക്കം. ഇടതുപക്ഷത്ത് ഇക്കാര്യത്തില്‍ ഒരു ധാരണയും ഇതുവരെ ആയിട്ടില്ല.
സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്, മുന്‍ എം.പി സി.എസ് സുജാത തുടങ്ങിയ പല പേരുകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പെട്ടന്ന് തന്നെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ ‘ഇടപെടല്‍’ നടത്തണമെന്നതാണ് ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തവണ ശ്രീധരന്‍പിള്ള നേടിയ 42,682 വോട്ടാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി.വിഷ്ണുനാഥ് 44,897 വോട്ട് നേടിയപ്പോഴാണ് തൊട്ടടുത്ത് ബി.ജെ.പി കുതിച്ചെത്തിയത്. 52,880 വോട്ട് നേടിയാണ് അന്ന് സി.പി.എമ്മിലെ രാമചന്ദ്രന് മണ്ഡലം പിടിച്ചെടുത്തിരുന്നത്.
സിറ്റിംങ് സീറ്റ് നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ പോലും പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിനോ സി.പി.എമ്മിനോ കഴിയില്ല. എന്നാല്‍ ഈ ആഗ്രഹം കടുപ്പം ഏറിയതാണെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് സംശയവുമില്ല.
ഏത് വിധേനയും മണ്ഡലം നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ആലപ്പുഴ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കേരള കോണ്‍ഗ്രസ്സിനെയും അനുനയിപ്പിച്ച് നിര്‍ത്തുകയാണ് തന്ത്രം. പ്രതിപക്ഷമാകട്ടെ സര്‍ക്കാറിനെതിരെ ശക്തമായ കടന്നാക്രമണത്തിനാണ് ഇവിടെ തയ്യാറെടുക്കുന്നത്.
കോടിയേരിയുടെ മകന്റെ സാമ്പത്തിക ഇടപാട്, ശശീന്ദ്രന്റെ മന്ത്രി പദവി, കണ്ണട വിവാദം തുടങ്ങി സകല ആയുധങ്ങളും പ്രയോഗിക്കാനാണ് നീക്കം. ഒരു സ്വതന്ത്രനെ രംഗത്തിറക്കി ‘പൂച്ചയെ’ ചിഹ്നമായി കിട്ടുമോ എന്ന കാര്യവും ചില കേന്ദ്രങ്ങള്‍ സജീവമായി പരിഗണിക്കുന്നുണ്ട്.
‘പൂച്ച സ്ഥാനാര്‍ത്ഥി ‘ ഉണ്ടെങ്കിലും ഇല്ലങ്കിലും പൂച്ചക്കുട്ടികള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ താരങ്ങള്‍ ആയിരിക്കുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത്.
ചാനല്‍ പ്രവര്‍ത്തകയെ’എന്റെ പൂച്ചക്കുട്ടി ‘ എന്നു വിളിച്ച് പുറത്തു വന്ന സംഭാഷണം തന്റേതല്ലങ്കില് മന്ത്രി ശശീന്ദ്രന് അക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടാത്തതും റെക്കാര്‍ഡ് ചെയ്ത ശബ്ദം പരിശോധനക്കയക്കാത്തതും ചൂണ്ടിക്കാട്ടി ഇടതു സര്‍ക്കാറിന്റെ ധാര്‍മികത ചോദ്യം ചെയ്യുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
അരലക്ഷത്തിന്റെ കണ്ണടകള്‍ വരെ ഉപയോഗിക്കുന്ന തരത്തില്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാക്കള്‍ അധ:പതിച്ചതും നേതാക്കളുടെയും മന്ത്രിമാരുടെയും ധൂര്‍ത്തും മക്കളുടെ ഇടപാടുകളും എല്ലാം ചൂണ്ടിക്കാട്ടി ആഞ്ഞടിക്കാന്‍ വലിയ ‘കര്‍മ്മപദ്ധതി’ തന്നെ ബി.ജെ.പി ആവിഷ്ക്കരിക്കുന്നുണ്ട്.
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും മുന്‍ കേന്ദ്ര മന്ത്രി പി.സി.തോമസിനെയും മുന്‍ നിര്‍ത്തിയാല്‍ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ വലിയ രൂപത്തില്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.
എന്‍.എസ്.എസിന്റെ പിന്തുണ തേടാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര നേതാക്കളും ഇടപെടും. എസ്.എന്‍.ഡി.പി യോഗത്തിന് മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലങ്കിലും കൂടെ നിര്‍ത്താന്‍ ശ്രമിക്കും.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന്, പി.കെ കൃഷ്ണദാസ്, വി.മുരളീധരന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, പി.സി.തോമസ് തുടങ്ങിയ നേതാക്കള്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സി.പി.എം-ബി.ജെ.പി പോരാട്ടമായി ചെങ്ങന്നൂരിനെ തുടക്കം മുതല്‍ മാറ്റാനാണ് ബി.ജെ.പി നീക്കം. മുഖ്യ പ്രതിപക്ഷം എന്ന നിലയില്‍ കാര്യമായി ഇടപെടല്‍ നടത്താത്ത യു.ഡി.എഫിനെ മുന്നാം സ്ഥാനത്തേക്ക് തള്ളുക എളുപ്പത്തില്‍ കഴിയുന്ന കാര്യമാണെന്ന കണക്ക് കൂട്ടലിലാണ് നേതൃത്യം.
അട്ടിമറി വിജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കാതെ ചെങ്ങന്നൂരില്‍ ഇറങ്ങുന്ന ബി.ജെ.പി ഇരു മുന്നണികളെ സംബന്ധിച്ചും വലിയ വെല്ലുവിളി തന്നെയായിരിക്കും