അവസരം കിട്ടിയപ്പോള്‍ രാഷ്ട്രീയം ‘കളിച്ചും’ കാവി ഭക്തി ഉറപ്പിച്ചും ഒരു ‘കളക്ടര്‍ ബ്രോ’ . . !
തിരുവനന്തപുരം: പ്രശസ്തി ലഭിക്കാന്‍ എന്ത് ‘സാഹസ’ത്തിനും മുതിരുന്ന വ്യക്തിയാണ് മുന്‍ കോഴിക്കോട് കളക്ടറായ പ്രശാന്ത്. ആദ്യമെല്ലാം ഇയാളുടെ നടപടികള്‍ പൊതു സമൂഹത്തിന്റെ കയ്യടി നേടികൊടുത്തിരുന്നെങ്കിലും പിന്നീട് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്ക്കാന് കാട്ടിക്കൂട്ടുന്ന ‘ചെപ്പടി’ വിദ്യകളായി വിലയിരുത്തപ്പെടുകയുണ്ടായി.
പ്രശാന്തിനേക്കാള്‍ കൂടുതല്‍ ജനപ്രിയ നടപടികള്‍ നടപ്പാക്കിയ നിരവധി ഐ.എ.എസുകാര്‍ സംസ്ഥാനത്തുണ്ടെന്നിരിക്കെ താരമാകാന്‍ ‘കളക്ടര്‍ ബ്രോ’ നടത്തിയ നീക്കങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കാന്‍ ഈ ‘മിടുക്ക് ‘ മൂലം സാധിച്ചു. പിന്നീട് ഇപ്പോള്‍ കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി മാറാനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഡല്‍ഹിയിലെത്തിയപ്പോള്‍ ഈ ഐ.എ.എസ് ബ്രോക്ക് ഇപ്പോള്‍ രാഷ്ട്രീയം തലക്ക് പിടിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ ഒരു വിഭാഗം ചര്‍ച്ചയാക്കിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദത്തില്‍ ഇടപെട്ട് ഒളിയമ്പെയ്താണ് പ്രശാന്തിന്റെ രംഗപ്രവേശം.
75,000 രൂപയുടെ കണ്ണട നിര്‍ദ്ദേശിച്ചിട്ട് അത് ഒഴിവാക്കി താന്‍ 5000 രൂപയുടെ കണ്ണട വാങ്ങിയ കാര്യം ഓര്‍മ്മിപ്പിച്ചാണ് പ്രതിപക്ഷത്തെ പോലെ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പരോക്ഷമായി വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
സ്പീക്കര്‍ക്കും സി.പി.എമ്മിനും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പ്രതിപക്ഷത്തിന് ചൂണ്ടിക്കാട്ടാന്‍ ഒരു ‘ഉദാഹരണം’ തുറന്ന് കാട്ടി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഇപ്പോള്‍ ശരിക്കും ഒരു സംഘി ആയി മാറിയിരിക്കുകയാണത്രെ.
പ്രശാന്തിന്റെ ഈ പ്രതികരണം പ്രതിപക്ഷത്തിന് ആയുധമാകുമ്പോള്‍ സി.പി.എം പ്രവര്‍ത്തകരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷന് കഴിഞ്ഞാലും കേരളത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഓര്‍ത്ത് വേണം കാവി രാഷ്ട്രീയത്തിന്റെ കുന്തമുനയാകേണ്ടതെന്നാണ് അവര്‍ നല്കുന്ന മുന്നറിയിപ്പ്.
പ്രതിപക്ഷത്തിന് ഏത് വിഷയത്തിലും വിമര്‍ശിക്കാനും കളിയാക്കാനുമെല്ലാം അവകാശമുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ കണ്ണിലൂടെ ഐ.എ.എസുകാരന് ഇങ്ങനെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ശക്തമായ പ്രതികരണം ഏറ്റുവാങ്ങേണ്ടി വരുമെന്നും സി.പി.എം അണികള്‍ തുറന്നടിക്കുന്നു.