കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷകവിരുദ്ധ നിലപാട് ഇല്ല; മാണിയെ തള്ളി പി.ജെ.ജോസഫ്
തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതൃത്വവും രണ്ടുതട്ടില്‍. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കെ.എം.മാണി പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയതിന് പിന്നാലെ കോണ്‍ഗ്രസിനെ പ്രതിരോധിച്ച് പി.ജെ.ജോസഫ് രംഗത്തുവന്നു. കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷകവിരുദ്ധ നിലപാട് ഇല്ലെന്ന് പി.ജെ.ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം നിലപാട് സ്വീകരിച്ചപ്പോള്‍ ഇടപെട്ട് തിരുത്തിയിരുന്നു. പട്ടയപ്രശ്നത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിലപാട് കര്‍ഷകര്‍ക്കെതിരായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സമീപനം അങ്ങനെയല്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസാണെന്നായിരുന്നു കെ.എം മാണി പാർട്ടി മുഖപത്രമായ ‘പ്രതിച്ഛായ’യുടെ പുതിയ ലക്കത്തിൽ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നതു കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ ഉണ്ടായതും യുപിഎയുടെ കാലത്താണ്. മലയോര മേഖലയില്‍ പട്ടയവിതരണത്തെ ചോദ്യം ചെയ്തതു കോണ്‍ഗ്രസ് നേതാക്കളാണെന്നും മാണി പറയുന്നു.
മലയോര മേഖലയിൽ കേരള കോൺഗ്രസിനുള്ള സ്വാധീനത്തിൽ വിറളിപൂണ്ട കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തുകപോലും ചെയ്തെന്നാണ് വിമർശനം. കോൺഗ്രസിനെയും ബിജെപിയേയും കണക്കറ്റ് വിമർശിക്കുമ്പോഴും സിപിഐഎമ്മിനെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ കടുത്ത പ്രതികരണങ്ങളോ വിമർശനങ്ങളോ ലേഖനത്തിലില്ല. കര്‍ഷക പ്രശ്നത്തില്‍ എകെജിയോടൊപ്പം സമരം ചെയ്ത സ്മരണയും മാണി തന്റെ ലേഖനത്തില്‍ എടുത്ത് പറയുന്നുണ്ട്.
കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴും കേരളം ഭരിക്കുമ്പോഴും കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളുണ്ടായപ്പോള്‍ കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. അന്ന് കര്‍ഷകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ താനുള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് തന്റെ ശ്രമം വിഫലമാക്കിയതെന്നും കെ.എം.മാണി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
താന്‍ ധനമന്ത്രിയായിരുന്ന 87 കാലത്ത് മലയോര മേഖലകളില്‍ പട്ടയം വിതരണം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളെയും കോണ്‍ഗ്രസ് തുരങ്കം വെച്ചെന്നും മാണി പറയുന്നു. അന്ന് 58,000 പട്ടയം വിതരണം ചെയ്യുന്നതിനായി താന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ ഉത്തരവ് റദ്ദാക്കാന്‍ ശ്രമിച്ചു. പിന്നീട് കോടതിയെ സമീപിച്ചാണ് ഈ ഉത്തരവ് പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്. മലയോര മേഖലകളില്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് വിറളിപിടിച്ചാണ് കോണ്‍ഗ്രസ് തന്റെ ശ്രമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും മാണി പറയുന്നു.