പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി; മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷ; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.
സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കർ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി കൂടിയ പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുപിന്നാലെ സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി അരുൺ ജയ്റ്റ്ലി സഭയുടെ മേശപ്പുറത്തുവച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതികൾ
കുറഞ്ഞ നിരക്കിൽ ചികിൽസ സഹായം ലഭ്യമാക്കും
ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്ക് ഊന്നൽ നൽകും
കായികരംഗത്തും വിദ്യാർഥികളെ മുൻപന്തിയിലെത്തിക്കാൻ ശ്രമം തുടരുന്നു
‘ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി’ പട്ടികയിൽ കുംഭമേള സ്ഥാനം പിടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം അഹമ്മദാബാദിനെ ഇന്ത്യയുടെ ആദ്യ ‘ഹെറിറ്റേജ് നഗരം’ എന്ന പട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയിരുന്നു. യുനെസ്കോയുടെ ‘ക്രീയേറ്റീവ് സിറ്റീസ്’ പട്ടികയിൽ സംഗീതത്തിന്രെ പാരമ്പര്യമുള്ള ചെന്നൈ നഗരമുണ്ട്.
തൊഴിലാളികളുടെ കുറഞ്ഞ വേതനം 40 ശതമാനത്തിലധികം സർക്കാർ വർധിപ്പിച്ചു.
കുട്ടികൾക്കിടയിൽ സംരഭകത്വവും ക്രിയാത്മകതയും വളരെ ചെറുപ്പംതന്നെ കൊണ്ടുവരാൻ ‘അടൽ ഇന്നവേഷൻ മിഷ’നു കീഴിൽ 2400ൽ അധികം ‘അടൽ ടിങ്കറിങ് ലാബ്സ’ കൊണ്ടുവന്നിട്ടുണ്ട്.
രാജ്യത്തിന്റെ ഭാവി കെട്ടിപ്പൊക്കുന്നതിന് അടിസ്ഥാനമിടേണ്ടതു വിദ്യാഭ്യാസമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും ആധുനികവൽക്കരിക്കുകയും ചെയ്യേണ്ടതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
‘ദീൻദയാൽ ഉപാധ്യായ യോജന’ വഴി 5,200 ജീവൻരക്ഷാ മരുന്നുകളും ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന വസ്തുക്കളും 111 ഔട്ട്ലെറ്റുകൾ വഴി 60% മുതൽ 90% വരെ വിലക്കിഴിവിൽ വിൽക്കുന്നു.
വികസനത്തിന്റെ ഗുണമേൻമ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ലഭിക്കാൻ ഗ്രാമങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി ‘പ്രധാൻമന്ത്രി ഗ്രാം സഡക് യോജന’ വഴി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
2014ൽ 56% ഗ്രാമങ്ങളെ മാത്രമേ റോഡ് വഴി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുള്ളൂ. എന്നാൽ ഇന്ന് 82% ഗ്രാമങ്ങളെ റോഡ് വഴി ബന്ധപ്പെടുത്തി. 2019ഓടു കൂടി എല്ലാ ഗ്രാമങ്ങളും റോഡ് വഴി ബന്ധിപ്പിക്കാനാണ് ലക്ഷ്യം.
ഗോത്ര മേഖലയിലുള്ള ലക്ഷക്കണക്കിനു പേർ പ്രത്യേകിച്ചും വടക്കു കിഴക്കൻ മേഖലയിലുള്ളവർ മുള വ്യവസായത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മുളയെ മരം എന്ന ഗണത്തിലേക്കു മാറ്റിയത് ഇവിടങ്ങളിലെ ജനങ്ങളുടെ ജീവനോപാധിയെ ബാധിച്ചു. ഈ പ്രശ്നങ്ങൾ വിലയിരുത്തി മുളയെ മരത്തിന്റെ ഗണത്തിൽനിന്ന് കേന്ദ്രം പിൻവലിച്ചു. ഇതോടെ, മുള വെട്ടി വ്യാപാരത്തിന് ഉപയോഗിക്കാന്‍ കഴിയും.
പ്രീണനത്തിനല്ല, ശാക്തീകരണത്തിനാണ് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ ശാക്തീകരണത്തിനായി കാര്യക്ഷമമായ പ്രവർത്തനങ്ങൾ സർക്കാർ ചെയ്തുവരുന്നു.
പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ഗുണകരമാകുന്ന പുതിയ ദേശീയ ആരോഗ്യ നയം കേന്ദ്രം രൂപീകരിച്ചു. ദേശീയ ആയുഷ് മിഷന്റെ കീഴിൽ യോഗ, ആയുർവേദ തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
രണ്ടരലക്ഷം കേന്ദ്രങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി.
‘പ്രധാൻമന്ത്രി ജൻ ഔഷധി കേന്ദ്രം’ വഴി 800 വ്യത്യസ്ത മരുന്നുകൾ ന്യായമായ വിലയിൽ പാവപ്പെട്ടവർക്ക് നൽകുന്നുണ്ട്. രാജ്യത്താകമാനം മൂവായിരത്തിലധികം കേന്ദ്രങ്ങൾ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്.
ജനങ്ങളുടെ പാർപ്പിട ആവശ്യങ്ങൾക്കായി എല്ലാവർക്കും ജലം – വൈദ്യുതി – ശുചിമുറി സൗകര്യങ്ങൾ ലഭിക്കുന്നതിനായി പദ്ധതി തയാറാക്കുകയാണ്. 2022ഓടുകൂടി എല്ലാവർക്കും വീട് പദ്ധതി യാഥാർഥ്യമാകും.
പാവപ്പെട്ടവർക്കു ലഭിക്കുന്ന തരത്തിൽ ഇന്‍ഷുറൻസ് സ്കീമുകൾ നടപ്പാക്കി. ഇതുവരെ 18 കോടി പാവപ്പെട്ടവർ ‘പ്രധാൻമന്ത്രി സുരക്ഷാ യോജന’യും ‘പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമ യോജന’ വഴിയും പദ്ധതിയുടെ ഭാഗമായി.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമാണ് സർക്കാർ ഉയർന്ന പരിഗണന കൊടുക്കുന്നത്. കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ജോലി ചെയ്യുന്ന വനിതകളുടെ പ്രസവാവധി 26 ആഴ്ചയാക്കി പാർലമെന്റ് ബിൽ പാസാക്കി.
പെൺകുട്ടികൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പ്രചാരണം തുടങ്ങിയത്. ആദ്യം 161 ജില്ലകളിൽ മാത്രമായിരുന്നു. ഇപ്പോഴത് 640 ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്.
മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാർഷികം 2019ൽ കൊണ്ടാടുമ്പോൾ രാജ്യം പൂർണമായി വൃത്തിയാക്കിയാണ് നമ്മൾ ആദരവു കാണിക്കേണ്ടത്.
ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കും ∙ സ്വയം സഹായക സംഘങ്ങൾക്ക് സർക്കാർ മുൻതൂക്കം നൽകും.