യെച്ചൂരിക്ക് തിരിച്ചടി; കോണ്‍ഗ്രസ് സഹകരണം വേണമെന്ന യെച്ചൂരിയുടെ രേഖ സിപിഐഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ സിപിഐഎം കേന്ദ്രകമ്മിറ്റി തള്ളി. വോട്ടിനിട്ടാണ് കേന്ദ്രകമ്മിറ്റി രേഖ തള്ളിയത്. യെച്ചൂരിയുടെ രേഖയെ 31 പേര് അനുകൂലിച്ചു. 55 അംഗങ്ങള്‍ കാരാട്ടിനെ പിന്തുണച്ചു. കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ പാടില്ലെന്ന നിലപാടാണ് സിസി അംഗീകരിച്ചത്. ജനറല്‍ സെക്രട്ടറിയുടെ കരട് പ്രമേയം തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. കേന്ദ്ര കമ്മിറ്റി അവസാനിച്ചു.
യെച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) വോട്ടിനിട്ടിരുന്നു. കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയിൽ വിജയിച്ചത്. ഇതോടെ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻ പിള്ളയും ചേർന്നു തയ്യാറാക്കിയ ഭാഗമാവും പാർട്ടി കോൺഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തുക. കരട് പ്രമേയത്തിലെ മറ്റു ഭാഗങ്ങളെക്കുറിച്ചു തർക്കമില്ല.
കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി ഭിന്നതയുള്ളതിനാലാണ് കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നത്. ചര്‍ച്ചകളില്‍ കോണ്‍ഗ്രസുമായി സഹകരണം പാടില്ലെന്ന കാരാട്ടിന്റെ നിലപാടിന് മേല്‍ക്കൈ ലഭിച്ചെങ്കിലും വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു യെച്ചൂരിയെ പിന്തുണയ്ക്കുന്നവര്‍. സമവായമുണ്ടാക്കണമെന്നാവശ്യപ്പെട്ട യെച്ചൂരി, വോട്ടെടുപ്പ് നടന്ന് പരാജയപ്പെടുകയാണെങ്കില്‍ തനിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകാത്ത സാഹചര്യമുണ്ടാകുമെന്ന് പിബി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വോട്ടെടുപ്പിലേക്ക് നീങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകള്‍ അവസാനിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗവും കോണ്‍ഗ്രസുമായി സഹകരണം പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ രേഖയെ അനുകൂലിച്ചുകൊണ്ടാണ് സംസാരിച്ചത്. സാമ്പത്തിക നയങ്ങള്‍കൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് ഭൂരിപക്ഷവും ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രാദേശിക തലത്തില്‍ ധാരണകള്‍ വേണമെന്നാണ് യെച്ചൂരി അനുകൂലികള്‍ വാദിക്കുന്നത്.
ഭിന്നത രൂക്ഷമായി തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമവായത്തിനായി തൃപുരയില്‍ നിന്നടക്കമുള്ള നേതാക്കള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ പിബി യോഗം ചേര്‍ന്നെങ്കിലും രേഖകളുടെ കാര്യത്തില്‍ കേന്ദ്രകമ്മിറ്റി ഇനി വോട്ടിനിട്ട് തീരുമാനിക്കട്ടെയെന്ന് നിലപാടാണ് കാരാട്ട് പക്ഷത്തിന്റേത്. എന്നാല്‍ സമവായം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട യെച്ചൂരി, വോട്ടെടുപ്പ് നടന്ന് തന്റെ രേഖ പരാജയപ്പെടുകയാണെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തനിക്ക് തുടരാനാകാത്ത സ്ഥിതിയാകുമെന്ന് പിബിയോഗത്തില് ചൂണ്ടിക്കാട്ടി. എന്നാല്‍ സമവായത്തിലൂടെ ഒറ്റരേഖ തയ്യാറാക്കാമെന്ന യെച്ചൂരിയുടെ നിര്‍ദേശത്തെ മറുവിഭാഗം തള്ളിക്കളഞ്ഞു.