പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തല്‍ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്; തൊഗാഡിയയ്ക്കെതിരെ പരസ്യവിമര്‍ശനം പാടില്ലെന്ന് പാര്‍ട്ടിയോട് അമിത് ഷായുടെ നിര്‍ദേശം
ന്യൂഡല്‍ഹി: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയായുടെ വെളിപ്പെടുത്തല്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തൊഗാഡിയയിലൂടെ പാര്ട്ടിക്കുള്ളിലെരഹസ്യങ്ങള് പുറത്താകുമോ എന്ന ഭീതിയിലാണ് അധ്യക്ഷന്‍ അമിത് ഷാ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നു തൊഗാഡിയയ്ക്കെതിരെ പരസ്യവിമര്ശനമുണ്ടാകാന് പാടില്ലെന്ന് അമിത് ഷാ ദേശീയ ഭാരവാഹികള്‍ക്കും സംസ്ഥാന ഘടകങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് തൊഗാഡിയ ജീവന് ഭീഷണി ഉണ്ടെന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈ അവസരത്തില്‍ തൊഗാഡിയയെ ആശ്രയിക്കുകയാണ് ബിജെപിയും ആര്‍എസ്എസ് നേതൃത്വവും. കഴിഞ്ഞ ദിവസം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്, ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി എന്നിവര്‍ തൊഗാഡിയയെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചതായാണ് സൂചന.
തൊഗാഡിയയുമായി അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യയെയും നിയോഗിച്ചിട്ടുണ്ട്. താഗാഡിയ കഴിഞ്ഞദിവസം നടത്തിയ മാധ്യമ സമ്മേളനത്തിന്റെ ആഘാതം കുറയ്ക്കാനാണു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹജ് സബ്സിഡി പിന്‍വലിക്കല്‍ പ്രഖ്യാപനം തിരക്കിട്ടു നടത്തിയതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ തൊഗാഡിയയെ തള്ളി ബിജെപിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഉള്‍പ്പെടെയുള്ള വിദേശ ഏജന്‍സികളുടെ പദ്ധതിയില്‍ തൊഗാഡിയയും ചട്ടുകമായി മാറിയെന്നാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
സംഘപരിവാറിലെ അച്ചടക്കത്തെക്കാള്‍ പ്രധാനം ഹിന്ദുത്വ അജന്‍ഡയാണെന്നു തൊഗാഡിയയുടെ നിലപാട്. ആര്‍എസ്എസ് നേതൃത്വത്തോടു അദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് ഇതില്‍ നിന്നും പിന്നോട്ട് പോയാല്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി മാര്‍ച്ചില്‍ രാജ്യവ്യാപകമായി പ്രക്ഷോഭമാരംഭിക്കാനാണു വിഎച്ച്പിയുടെ പദ്ധതി.
തൊഗാഡിയയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഫോണ്‍ ചെയ്തത് ബിജെപിയില്‍ പുതിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. രാജസ്ഥാന് പൊലീസിന്റെ നടപടിയില്‍ അറിവോ പങ്കോ ഇല്ലെന്നു മുഖ്യമന്ത്രി വസുന്ധര രാജെയും തൊഗാഡിയയെ ഫോണില്‍ അറിയിച്ചു.
തൊഗാഡിയയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ആദിത്യനാഥ്. വിഎച്ച്പിയുടെ അയോധ്യ അജന്‍ഡയ്ക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്നതും യോഗിയാണ്. തൊഗാഡിയയുടെ ആത്മസുഹൃത്ത് സഞ്ജയ് ജോഷിക്കു ലൈംഗിക സിഡി വിവാദത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സംരക്ഷിച്ചതു ശിവരാജ് സിങ് ചൗഹാനാണ്. സിഡിയുടെ ഫോറന്‍സിക് പരിശോധനയിലൂടെ ജോഷിക്കു മധ്യപ്രദേശ് പൊലീസ് ക്ലീന്‍ ചിറ്റ് നല്കി. ഇതിനുശേഷം സഞ്ജയ് ജോഷിയെ ബിജെപിയില്‍ തിരിച്ചെടുത്തെങ്കിലും മോദിയുടെ എതിര്‍പ്പു കാരണം വീണ്ടും പുറത്താക്കുകയായിരുന്നു. പുതിയ ഇടപെടലിലൂടെ ബിജെപിയില്‍ മോദി വിരുദ്ധ ചേരി രൂപപ്പെടുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു്.
ഇതിനിടെ തൊഗാഡിയയുടെ പൂര്‍ത്തിയാക്കാറായ പുസ്തകം രാജ്യത്തു രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഹിന്ദുത്വ പാര്‍ട്ടിയെന്ന ബിജെപിയുടെ അവകാശവാദം തകര്‍ക്കുന്നതാകും വെളിപ്പെടുത്തലുകളെന്നാണു സൂചന. കാല്‍നൂറ്റാണ്ടില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കളെ വഞ്ചിച്ചത് എങ്ങനെയെല്ലാം എന്നതാണു പുസ്തകത്തിലെ പ്രമേയം.