ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ സേന കൊന്നത് 138 പാക്ക് സൈനികരെ, കണക്കുകള്‍ പുറത്ത് . . .
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ പാക്ക് അതിര്‍ത്തി ശവപ്പറമ്പായി എന്ന് പറഞ്ഞത് ചുമ്മാതല്ല . . ഇതാ കണക്കുകള്‍ . .
കഴിഞ്ഞ ഒരു വര്‍ഷം മാത്രം 138 പാക്ക് സൈനികരെയാണ് ഇന്ത്യന്‍ സേന വകവരുത്തിയത്. 28 ഇന്ത്യന്‍ സൈനികരുടെ ജീവന് പാക്കിസ്ഥാന് നല്കിയ വിലയാണിത്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജമ്മു കാശ്മീരില്‍ തീവ്രവാദികളെ മുന്‍നിര്‍ത്തി പാക്കിസ്ഥാന് നടത്തുന്ന കടന്നാക്രമണത്തിനുള്ള തിരിച്ചടി പലിശ സഹിതം ഇങ്ങനെ നല്‍കിയത് അടുത്ത കാലത്തൊന്നും ഉണ്ടാകാത്തതാണ്.
ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടികളില്‍ 155 പാക്ക് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാക്ക് ആക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികര്‍ എഴുപതോളം വരും. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും വെടിനിര്‍ത്തല്‍ ലംഘനങ്ങളിലും കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നതെന്നും, വരുംനാളുകളിലും ഇത് തുടരുമെന്നും സൈനിക വക്താവ് കേണല്‍ അമന് ആനന്ത് അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 860 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് 2017ല്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. 2016ല്‍ ഇത് വെറും 221 ആയിരുന്നു.
സൈനിക നടപടികളില്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്യുന്ന സൈനികരുടെ എണ്ണമോ വിവരങ്ങളോ സാധാരണയായി പാക്കിസ്ഥാന് പുറത്തുവിടാറില്ല. കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും ഇന്ത്യ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരിച്ച സൈനികരുടെ എണ്ണപോലും അംഗീകരിക്കാന്‍ പാക്കിസ്ഥാന് വിസമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ പുറത്തുവിട്ട കണക്ക് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുന്നതാണ്.
ദിവസങ്ങള്‍ക്കു മുന്‍പും പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങളും, സൈനിക പോസ്റ്റുകളും ബിഎസ്എഫ് ജവാന്മാര് ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ 15 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ തൊടുക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക്ക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു.
ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ തുടര്‍ച്ചയായി പാക്ക് സൈനികര്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായിട്ടാണ് അതിര്‍ത്തിക്കുള്ളില്‍ നിന്ന് തന്നെ പാക്ക് താവളങ്ങള്‍ ലക്ഷ്യമിട്ട് ബിഎസ്എഫ് ആക്രമണം നടത്തിയത്.
ഇന്ത്യന്‍ സേനയുടെ മിന്നല്‍ ആക്രമണത്തില്‍ പകച്ച് നില്‍ക്കുകയാണ് പാക്കിസ്ഥാനിപ്പോള്‍. ലോക രാഷ്ട്രങ്ങളെയും ഈ അപ്രതീക്ഷിത തിരിച്ചടി അമ്പരപ്പിച്ചിട്ടുണ്ട്. പലിശ സഹിതം പാക്ക് സൈനികര്‍ക്ക് നേരെ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന് സേനാ മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇനിയും പാക്കിസ്ഥാന് പ്രകോപനം തുടര്‍ന്നാല്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.