കേരള പൊലീസിന് വന്‍ നേട്ടം ; നാടിനെയാകെ വിറപ്പിച്ച കൊലയാളി മോഷ്ടാക്കളെ പിടികൂടി . .
കൊച്ചി : കോളിളക്കം സൃഷ്ടിച്ച തൃപ്പൂണിത്തുറ കവര്‍ച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഡല്‍ഹിയില്‍ നിന്നാണ് മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് ഒരു മാസത്തിനുള്ളിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.
പ്രതികളില്‍ നിന്ന് ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. അര്‍ഷദ്, റോണി, സെര്‍ഷദ് എന്നിവരാണ് പൊലീസ് പിടിയിലായ പ്രതികള്‍. ഭാക്കിയുള്ളവര് ഉടന്‍ പിടിയിലാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാടിനെ നടുക്കിയ കവര്‍ച്ച കേസില്‍ പ്രതികളെ പിടികൂടാനായത് കേരള പൊലീസിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. റേഞ്ച് ഐ.ജി പി വിജയന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് പ്രതികളെ കുരുക്കിയത്. മലപ്പുറത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ചേലേമ്പ്ര ബാങ്ക് കവര്‍ച്ച കേസ് പിടികൂടിയതും അന്ന് മലപ്പുറം എസ്പിയായിരുന്ന പി വിജയന്റെ നേതൃത്വത്തിലായിരുന്നു.
വിവിധ സംഘങ്ങളായി തിരിഞ്ഞ് സിനിമയെ വെല്ലുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് പ്രതികളെ പിടികൂടിയത്. എല്ലാ നടപടികള്‍ക്കും നേരിട്ട് നിര്‍ദേശം നല്‍കിയത് ഐജിയായിരുന്നു.
കൊച്ചി തൃപ്പുണിത്തുറയില്‍ 12 അംഗ സംഘം വീട്ടുകാരെ കെട്ടിയിട്ട് ആക്രമണം നടത്തി വന്‍തോതില്‍ ആഭരണങ്ങള്‍ കവര്‍ന്നതും, കൊച്ചി പുല്ലേപ്പടിയില്‍ വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതും നാടിനെ നടുക്കിയിരുന്നു.
അന്യസംസ്ഥാനത്ത് നിന്നുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സി.സി.ടി.വി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞത്. ഈ അക്രമകാരികളെ തേടി പൊലീസ് വിവിധ സംസ്ഥാനങ്ങളില്‍ ഊര്‍ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു.
തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി വീട്ടില്‍ അനന്ദകുമാറിന്റെ ഭവനത്തിലാണ് പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. ഗൃഹനാഥന്റെ തലയ്ക്കടിച്ചായിരുന്നു കവര്‍ച്ച. 50 പവനും ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തിരുന്നു.
ഏകദേശം 15 പേരടങ്ങുന്ന വടക്കേ ഇന്ത്യന്‍ സ്വദേശികളായ സംഘമാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. വീടിന്റെ മുന്പിലെ ജനാലയുടെ കമ്പികള്‍ അറുത്താണ് മോഷ്ടക്കള്‍ അകത്തു കടന്നത്. വീട്ടില്‍ ആനന്ദകുമാര്‍ (49), അമ്മ സ്വര്‍ണമ്മ (72), മക്കള്‍ ദീപക് , രൂപക് എന്നിവരെ വീടിന്റെ ഓരോ മുറിയിലും ഭാര്യ ഷാരിയെ (46) ബാത്ത്റൂമിലുമായി കെട്ടിയിട്ട നിലയിലായിരുന്നു.
കവര്‍ച്ച സംഘം പോയ ശേഷം നാലരയോടെ ഇളയ മകനായ രൂപക് കെട്ടഴിക്കുകയും തുടര്‍ന്ന് ഒച്ചവെച്ചു സമീപവാസികളെ വിവരം അറിയിക്കുകയുമാണ് ഉണ്ടായത്. രൂപക്കിന്റെ ബഹളം കേട്ട സമീപവാസികളായ അഭിലാഷ് ജോര്‍ജ്, അഖില്‍ തോമസ് എന്നിവര്‍ ഇവരെ രക്ഷപ്പെടുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
കൊച്ചി പുല്ലേപ്പടിയില്‍ ഈ സംഭവത്തിന് തൊട്ട് തലേ ദിവസമാണ് വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ലിസി ആസ്പത്രി പുല്ലേപ്പടി പാലം റോഡിലെ ഇല്ലിപ്പറമ്പില്‍ ഇസ്മയിലി (74) ന്റെ വീട്ടിലായിരുന്നു സംഭവം. കൈക്ക് പരിക്കേറ്റ സൈനബ റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തുനിന്ന് ഒരു കത്തിയും വെടിയുണ്ടയും കിട്ടിയിരുന്നു.