ഗുജറാത്തില്‍ ബിജെപിയുടെ സീറ്റ് 99 ആക്കി കുറച്ചതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ ദലിതരോട് ചെയ്യുന്നത്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ഗുജറാത്തില്‍ ബി.ജെ.പിയുടെ സീറ്റ് 99 ആക്കി കുറച്ചതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ ദലിതരോട് ചെയ്യുന്നതെന്ന് മേവാനി കുറ്റപ്പെടുത്തി. പൊലീസ് അനുമതി മറികടന്ന് നടത്തിയ യുവ ഹുങ്കാര്‍ റാലിയിലാണ് ജിഗ്നേഷ് തുറന്നടിച്ചത്.
അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യഥാര്‍ഥ വിഷയങ്ങളെ മറച്ചാണ് ഘര്‍ വാപ്പസി, ലവ് ജിഹാദ്, ഗോരക്ഷ എന്നിവക്ക് പ്രധാന്യം നല്‍കുന്നത്. ഞങ്ങള്‍ ഇതിനെതിരാണ്. ഭരണഘടനക്ക് അനുസൃതമായാണ് താന്‍ നിലകൊള്ളുന്നത്. അതിനാല്‍ തന്നെ എത്രവേണമെങ്കിലും വിമര്‍ശിക്കാം. ഞങ്ങള്‍ ലവ് ജിഹാദിലല്ല, സ്നേഹത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. അതിനാല്‍ പ്രണയദിനം ആഘോഷിക്കുമെന്നും മേവാനി പറഞ്ഞു.
പുതുതായി കൈകൊള്ളുന്ന പൗരത്വ ബില്ലിലുടെ രണ്ടു കോടി ബംഗ്ലാദേശി ഹിന്ദുക്കളെ നല്‍കാമെന്നാണ് ബി.ജെ.പി അസമിന് നല്കുന്ന വാഗ്ദാനമെന്ന് കര്‍ഷക നേതാവ് അഖില്‍ ഗെഗോയ് റാലിയില്‍ പറഞ്ഞു.
ഭരണഘടനക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത്, പ്രത്യേക മത വിഭാഗത്തിനോ സമുദായത്തിനോ വേണ്ടിയല്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ തുറന്നടിച്ചു. സര്‍ക്കാര്‍ തങ്ങളെ ഹിന്ദുക്കള്‍ക്കെതിരെയായി ചിത്രീകരിക്കുകയാണെന്നും കനയ്യ പറഞ്ഞു.
ഗുജറാത്ത് എം.എല്‍.എ മേവാനിയുടെ ഡല്‍ഹി യുവജനറാലിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഭീമസേനയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് റാവുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മേവാനി റാലി സംഘടിപ്പിച്ചത്.