എകെജിക്കെതിരായ പരാമര്‍ശം പരിധി കടന്നുപോയി; ബല്‍റാമിനെ കൈവിട്ട് ഉമ്മന്‍ചാണ്ടിയും
കോട്ടയം: എകെജിക്കെതിരായ വിവാദ പരാമർശത്തിൽ വി.ടി ബൽറാം എംഎൽഎയെ കൈവിട്ട് ഉമ്മൻ ചാണ്ടിയും. ബൽറാമിന്റെ പരാമർശം പരിധികടന്നുപോയി. എകെജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എകെജിക്കെതിരെ ബല്‍റാം നടത്തിയ വിവാദ പരാമര്‍ശം തെറ്റെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന് പറഞ്ഞിരുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആദരവാര്‍ജിച്ച നേതാവാണ് എകെജി. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ബല്‍റാമിന് മുന്നറിയിപ്പ് നല്‍കിയെന്നും ഹസന് പറഞ്ഞു.
അതേസമയം വിവാദപരാമര്‍ശം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വി.ടി.ബല്‍റാം എംഎല്‍എയുടെ ഓഫീസിനുനേരെ രണ്ടു തവണ ആക്രമണമുണ്ടായിരുന്നു. രണ്ടാമത്തെ സംഭവത്തില്‍ പൊലീസ് 10 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി ടി.അബ്ദുല്‍ കരീം (34), ബ്ലോക്ക് സെക്രട്ടറി പി.പി.സുമോദ് (33), പ്രസിഡന്റ് കെ.പി.പ്രജീഷ് (32), ട്രഷറര്‍ പി.പി.വിജീഷ് (31), കെ.പി.അഭിലാഷ് (30), കെ.പി.അരുണ്‍ (28), ടി.പി.ഷഫീഖ് (30), പി.നിജാസ് (25), പി.പാവ്ലോ (26), അരുണ്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ പുലര്‍ച്ചെ 1.30നു ശേഷമായിരുന്നു ആദ്യ സംഭവം. അതുവരെ അവിടെ ഉണ്ടായിരുന്ന എംഎല്‍എ പോയതിനെ തുടര്‍ന്ന് ഓഫിസിനു മുന്നിലേക്കു മദ്യക്കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. ഈ സംഭവത്തിനു പിന്നില്‍ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. രണ്ടാമത്തെ ആക്രമണം വൈകിട്ട് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു. പ്രകടനമായെത്തിയ ഇരുന്നൂറോളം പ്രവര്‍ത്തകരെ പൊലീസ് സര്‍ക്കാര്‍ അതിഥിമന്ദിരത്തിനു സമീപം തടഞ്ഞു.
എന്നാല്‍ വലയം ഭേദിച്ച് ഓഫിസിലേക്കു പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ തകര്‍ക്കുകയും ഷട്ടറിലും ഭിത്തികളിലും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ജനല്‍ ചില്ലുകളും മുകള്‍ നിലയിലെ സ്ഥാപനത്തിന്റെ ഉള്‍പ്പെടെയുള്ള രണ്ട് എസിയും വൈദ്യുതി മീറ്ററും തകര്‍ത്തു. നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
ഡിവൈഎഫ്ഐയുടെ പ്രതിഷേധം അവസാനിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നു പൊലീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിന്‍വാങ്ങിയത്. മേഖലയിലെ കോണ്‍ഗ്രസ്, സിപിഎം ഓഫിസുകള്‍ക്കും വി.ടി.ബല്‍റാം എംഎല്‍എയുടെ വീടിനും പൊലീസ് സുരക്ഷ ശക്തമാക്കി.
എകെജിയെ അപമാനിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചാരണത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അപലപിച്ചു. നീച് ആദ്മി എന്നു നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചതിനു മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ട്ടിയാണു കോണ്‍ഗ്രസ്. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ എകെജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച എംഎല്‍എയോട് എന്താണു സമീപനമെന്നു രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും വ്യക്തമാക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു.