സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല; സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കാരണമെന്ന് വിശദീകരണം
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തില്ല.സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളതിനാലാണ് മുഖ്യമന്ത്രി കലോത്സവത്തിന് എത്താത്തതെന്നാണ് വിശദീകരണം. പകരം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി എത്താത്തതെന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചത്. പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോൽസവത്തിന് അരങ്ങുണരുന്നത്.
അതേസമയം കലോത്സവത്തിന് മുഖ്യമന്ത്രി എത്താത്തതില്‍ ജനപ്രതിനിധികള്‍ക്ക് അമര്‍ഷമുണ്ട്.
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ മുഖ്യ വേദിയായ നീര്മാതളത്തില് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാംസ്കാരിക നഗരിയായ തൃശൂര്‍ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് വേദിയാകുന്നത്. പരിഷ്കരിച്ച മാന്വല്‍, എല്ലാവര്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, വിജിലന്‍സ് നിരീക്ഷണം, പങ്കെടുക്കുന്ന എല്ലാവര്ക്കും ട്രോഫി, കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വേദികളിലായി കൂടുതല്‍ ഇനങ്ങള്‍ തുടങ്ങി നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ കലോത്സവത്തെ വ്യത്യസ്തമാക്കുന്നത്.
പൂക്കളുടെയും, ചെടികളുടെയും, കനികളുടെയും പേരുകളിലുള്ള ഇരുപത്തിനാല് വേദികളിലാണ് ഇത്തവണത്തെ ഇനങ്ങള്‍ അരങ്ങേറുക. രാവിലെ ഉദ്ഘാടനത്തിന് മുന്നോടിയായി തേക്കിന്‍കാട് മൈതാനത്ത് സൂര്യ കൃഷ്ണമൂര്‍ത്തി, മാലതി ജി മേനോന്, തൃശൂരിലെ കാലാകാരന്മാര് എന്നിവരുടെ നേതൃത്വത്തില്‍ ദൃശ്യ വിസ്മയം ഒരുക്കും.
തുടര്‍ന്ന് മുരുകന് കാട്ടാക്കട ഒരുക്കി എം.ജി ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനം അന്‍പത്തിയെട്ട് അധ്യാപകര്‍ ആലപിക്കും. ഉദ്ഘാടന വേദിയില്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥ്. എ.സി മൊയ്തീന്, വി,എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം സിനിമ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മോഹിനിയാട്ടമാണ് മുഖ്യവേദിയില്‍ അരങ്ങേറുക.