തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴിലുള്ളവര് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ യാത്ര പോലീസ് തടഞ്ഞതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വൈദികരടക്കമുള്ളവര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര് കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
കുരിശ് പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.
ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത ഇടയലേഖനം ഇറക്കിയിരുന്നു.മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും പറഞ്ഞിരുന്നു.
തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ ഇവിടെ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നതാണ്. സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്പോസ്റ്റില്‍ തടയുകയും തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
പിന്നീട് മുഖ്യമന്ത്രിയെ കണ്ട് സഭാനേതൃത്വം കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശ്മലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സഭയുടെ ഇടയലേഖനം.