2018ല്‍ ലോകത്തെ കാത്തിരിക്കുന്നത് ശക്തമായ ഭൂചലനങ്ങള്‍; ഭൂമിയെക്കുറിച്ച് നിര്‍ണായക പഠനം
2017ല്‍ ലോകം അവസാനിക്കുമെന്നും ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കകള്‍ വിട്ടൊഴിഞ്ഞതോടെ ഭൂചലനത്തെക്കുറിച്ച് ശാസ്ത്രജ്ഞരുടെ പുതിയ മുന്നറിയിപ്പ്. 2018ല്‍ നിരവധി ഭൂചലനങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ വര്‍ഷത്തില്‍ നിരവധി ഭൂചലനങ്ങളാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് 2017 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കൊളറാഡോ സര്‍വ്വകലാശാലയിലെ ജിയോഫിസിക്സ് ശാസ്ത്രജ്ഞനായ റോഗര്‍ ബില്‍ഹാമും സഹപ്രവര്ത്തകന് ബെന്ഡിക് എന്നിവര്‍ ചേര്‍ന്നാണ് പഠനറിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
ഭൂമി കറങ്ങുന്നതിന്റെ വേഗതയില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമെന്നും അതിന് അനുസൃതമായുള്ള മാറ്റങ്ങള്‍ ലോകത്ത് സംഭവിക്കുമെന്നും പഠനത്തില്‍ പറയുന്നു. വന്‍ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്നും ഇത് റിക്ടര്‍ സ്കെയിലില്‍ 7.0 മുതല്‍ 9.0 വരെ തീവ്രത രേഖപ്പെടുത്തുന്നതായിരിക്കുമെന്നും 2018ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അനുഭവപ്പെടുന്ന ഭൂചലനങ്ങളുടെ എണ്ണം 25 മുതല്‍ 30 വരെ ആകാമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. സാധാരണ ഗതിയില്‍ 15 ഭൂചലനങ്ങള്‍ വരെയാണ് ലോകത്ത് അനുഭവപ്പെടാറുള്ളതെന്നും ഈ വര്‍ഷം പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തില്‍ ഗണ്യത്തില് വര്‍ധനവുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഭൂമി തിരിയുന്നതിന്റെ വേഗത കുറയുന്നതോടെ ഭൂമിയുടെ അപകേന്ദ്ര ബലം കുറയുമെന്നും ഇത് ഭൂമിയുടെ അച്ചുതണ്ടിനെ മുറുക്കുമെന്നും ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ടെക്ടോണിക് പ്ലേറ്റുകള്‍ പരസ്പരം തട്ടി അമര്‍ന്നുപോകുമെന്നും ഈ ശക്തിയില്‍ ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
റിക്ടര്‍ സ്കെയിലില്‍ 7.0 അല്ലെങ്കില്‍ അതിന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളില്‍ 25-30 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ഭൂചലനത്തിന്റെ തീവ്രത 7.0 ല്‍ നിന്ന് 9.0 ലേയ്ക്ക് ഉയരുമെന്നും ഇത്തരത്തില്‍ നിരവധി ഭൂചലനങ്ങള്‍ സംഭവിക്കുന്നതോടെ ഭൂമിയെ തകര്‍ക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 250 കിലോമീറ്റര്‍ പരിധിയില്‍ വരെ അനുഭവപ്പെടുന്നതായിരിക്കും ഭൂചലനത്തിന്റെ തീവ്രത.
പശ്ചിമ അമേരിക്ക, ദക്ഷിണ യൂറോപ്പ്, പശ്ചിമേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയായിരിക്കും ഭൂചലനം ഏറ്റവുമധികം ബാധിക്കുക. ഭൂചലനത്തിന് പുറമേ അഗ്നിപര്‍വത വിസ്ഫോടനങ്ങളും ഭൂമിയ്ക്ക് വെല്ലുവിളിയാവുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ശാസ്ത്രജ്ഞരില്‍ ഒരാളായ റെബേക്ക ബെന്ഡിക് ചൂണ്ടിക്കാണിക്കുന്നു. ഇത് വെറും പ്രവചനമാണെന്നും ശാസ്ത്രത്തിനാണ് ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന് കഴിയുകയില്ലെന്നും റെബേക്ക ചൂണ്ടിക്കാണിക്കുന്നു.
ഒറ്റപ്പെട്ട ഭൂചലനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ മാര്‍ഗ്ഗങ്ങളില്ലെന്നാണ് ശാസ്ത്രം പറയുന്നത്. ഭൂമിയുടെ ക്രസ്റ്റിലുണ്ടാകുന്ന പൊട്ടലുകളില്‍ നിന്ന് പുറത്തുവരുന്ന ഊര്‍ജ്ജമാണ് ഭൂചലനത്തിന് ഇടയാക്കുന്നത്. ക്രസ്റ്റില്‍ പൊട്ടലുണ്ടാകുന്നതോടെ സീസ്മിക് കിരണങ്ങള്‍ ഭൂമിയിലേയ്ക്ക് പ്രവഹിക്കുകയും ചെയ്യുന്നു.