എസ്ബിഐയില്‍ നടക്കുന്നത് കൊള്ളയോ? മിനിമം ബാലന്‍സിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എസ്ബിഐ ശേഖരിച്ചത് 1771 കോടി രൂപ
ന്യൂഡല്‍ഹി: കോടികള്‍ കടമെടുത്ത് വമ്പന്മാര് മുങ്ങുമ്പോള്‍ സാധാരണക്കാരില്‍ നിന്ന് മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന പേരില്‍ എസ്ബിഐ കൊള്ളലാഭം ഉണ്ടാക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വെക്കാതെ തുക മുഴുവന്‍ പിന്‍വലിക്കുന്നത്. അത്തരം ആളുകളുടെയടക്കമുള്ള അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എസ്ബിഐ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. എസ്ബിഐയാണ് മിനിമം ബാലന്‍സ് ഇനത്തില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്.
2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്റെ പാതിയോളം വരുമിത്. 3586 കോടിയാണ് ബാങ്കിന്റെ ആ അര്‍ധവാര്‍ഷിക ആദായം. മിനിമം ബാലന്‍സ് നിലനിര്ത്താതിരുന്നവരില് നിന്ന് 2016-17 സാമ്പത്തിക വര്‍ഷം എസ്.ബി.ഐ പണമൊന്നും ഈടാക്കിയിരുന്നില്ല. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടപ്പുസാമ്പത്തിക വര്‍ഷമാണ് പിഴ ഏര്‍പ്പെടുത്താന്‍ വീണ്ടും തുടങ്ങിയത്.
എസ്ബിടി അടക്കം പ്രധാന ബാങ്കുകളുമായുള്ള ലയനം പൂര്‍ത്തിയായതാണ്, എസ്ബിഐയുടെ കണക്കില്‍ വന്‍തോതിലുള്ള വര്‍ധനയ്ക്ക് കാരണം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മെട്രോ നഗരങ്ങളില്‍ 5000 രൂപയും മറ്റു നഗരങ്ങളില്‍ 3000 രൂപയുമായിരുന്നു മിനിമം ബാലന്‍സ് വേണ്ടിയിരുന്നത്. ഇതില്‍ മെട്രോ നഗരങ്ങളില്‍ 50 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്ക് 50 രൂപയും 50 മുതല്‍ 75 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്ക് 75 രൂപയും അതിനുമുകളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 100 രൂപയുമായിരുന്നു പിഴ. മറ്റു നഗരങ്ങളില്‍ ഇത് യഥാക്രമം 40 രൂപ, 60 രൂപ, 80 രൂപ എന്നിങ്ങനെയായിരുന്നു.
42 കോടിയോളം സേവിങ്സ് ബാങ്ക് അക്കൗണ്ടാണ് എസ്ബിഐയിലുള്ളത്. ഇതില്‍ 13 കോടിയോളം എണ്ണം പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീവില്‍ വരുന്നതും ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകളുമാണ്. ഇവ രണ്ടും മിനിമം ബാലന്‍സില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കാണ് എസ്ബിഐക്ക് പിന്നിലുള്ളത്. 2016-17 കാലയളവില്‍ 130.64 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 97.34 കോടി രൂപ ഈടാക്കി. മുന്‍ സാമ്പത്തിക വര്‍ഷം 56.63 കോടി രൂപ ഈടാക്കിയ സെന്‍ട്രല്‍ ബാങ്ക് ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 68.67 കോടി രൂപ ഈടാക്കി. കാനറ ബാങ്ക് മുന്‍വര്‍ഷം 106.58 കോടിയും ഇക്കുറി 62.16 കോടിയും ഈടാക്കിയപ്പോള്‍, ഐഡിബിഐ ഇത് യഥാക്രമം 88.23 കോടിയും 52.15 കോടിയും സ്വന്തമാക്കി.