മെഡിക്കല്‍ ബന്ദില്‍ വലഞ്ഞ് രോഗികള്‍; ആശുപത്രികള്‍ സ്തംഭിച്ചു; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തതോടെ ദുരിതത്തിലായി രോഗികള്‍;
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെയുള്ള ബന്ദ് തുടങ്ങി. ഡോക്ടര്‍മാര്‍ സമരത്തിലായതോടെ രോഗികള്‍ ദുരതത്തിലായി. കേരളത്തില്‍ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്. ഇതോടെ ആശുപത്രികള്‍ സ്തംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്) നേതൃത്വത്തില്‍ രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്കരിച്ചത് രോഗികളെ ശരിക്കും വലച്ചു.
തിരവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിപ്പിച്ചു പുറത്തിറക്കി. സമരത്തിന് അനുഭാവം പ്രഖ്യാപിച്ചുള്ള ഒരു മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുപ്പിക്കുന്നതിനായിരുന്നു ഇത്. കനത്ത പനി മൂലം ദുരിതത്തിലായ സ്ത്രീ കരഞ്ഞുപറഞ്ഞിട്ടും ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് പരാതിയുയര്‍ന്നു.
സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ആരും ജോലിക്കെത്തിയിട്ടില്ല. രാവിലെ മുതല്‍ ബുക്കിങ്ങിനായി വിളിക്കുന്നവരോട് ഡോക്ടര്‍മാരില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, പ്രതീകാത്മക സമരത്തിനുശേഷം സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തില്‍ രാജ്യവ്യാപകമായാണ് മെഡിക്കല്‍ ബന്ദ് നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളും പണിമുടക്കില്‍ പങ്കുചേരും. എന്നാല്‍, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിചെയ്യുന്നുണ്ട്. ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്നു ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും രാജ്ഭവന് മാര്‍ച്ചുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നടപടിയാണു കേന്ദ്രത്തിന്റേതെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, ജന.സെക്രട്ടറി ഡോ.എ.കെ.റഊഫ് എന്നിവര്‍ ആരോപിച്ചു.
സമരത്തില്‍ പങ്കുചേരുമെന്നു കേരള ഗവ.സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് എന്നിവയുടെ ഭാരവാഹികള്‍ അറിയിച്ചു. ഹോമിയോപ്പതി, ആയുര്‍വേദം എന്നിവ ഉള്‍പ്പടെയുള്ളവയില്‍ ബിരുദമുള്ളവര്‍ക്ക് അലോപ്പതി പരിശീലിനത്തിന് അവസരം നല്കാന് പ്രത്യേക ‘ബ്രിജ് കോഴ്സ്’ ആരംഭിക്കാന്‍ ദേശീയ മെഡ!ിക്കല്‍ കമ്മിഷന് (എന്‍എംസി) ബില്ലിലുള്ള വ്യവസ്ഥയാണു ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനു കാരണം.