ഹാഫിസ് സയീദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഒരുങ്ങി പാകിസ്താന്; നിര്‍ദേശം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാനരന്‍ ഹാഫിസ് സയീദിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ പാക് സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രാദേശിക ഭരണകൂടങ്ങളോട് ആസ്തികള്‍ ഏറ്റെടുക്കാന്‍ ഡിസംബര്‍ 19ന് രഹസ്യ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നില്‍ കണ്ടാണ് പാകിസ്താന്റെ നടപടി. എന്നാല്‍ ഇക്കാര്യം പാകിസ്താന് നിഷേധിച്ചു.
വിവിധ പ്രവിശ്യ, ഫെഡറൽ സർക്കാരുകൾക്ക് രഹസ്യ ഉത്തരവ് കൈമാറിയതായി വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. 2017 ഡിസംബർ 19നാണ് ഉത്തരവ് തയാറാക്കിയത്. യുഎസ് ഒരുകോടി ഡോളർ തലയ്ക്കു വിലയിട്ടിരിക്കുന്ന ഭീകരനാണ് സയീദ്. ഭീകരതയുള്ള വളക്കൂറുള്ള മണ്ണായി പാകിസ്താന് മാറുന്നതിനെ യുഎസ് നിരന്തരമായി വിമർശിക്കാറുണ്ട്. നിലപാടുകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ സാമ്പത്തിക സഹായം നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ ഏർപ്പെടുത്തുമെന്നും യുഎസ് ഭീഷണി മുഴക്കിയിരുന്നു.
ആദ്യമായാണ് പാകിസ്താന് സയീദിന്റെ ഭീകരശൃംഖലയ്ക്കെതിരെ ഇത്രയും വിപുലമായ നടപടിയെടുക്കുന്നത്. സയീദിന്റെ ജമാ അത്തുദ്ദഅവ (ജെയുഡി), ഫലാ ഇ ഇൻസാനിയത് ഫൗണ്ടേഷൻ എന്നിവയ്ക്കുമാത്രം 50,000 സന്നദ്ധ പ്രവർത്തകരും നൂറു കണക്കിന് ശമ്പളക്കാരുമുണ്ട്. ഈ ഭീകര സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടിരുന്നു. ജനുവരിൽ അവലോകനത്തിനായി യുഎൻ സംഘം പാകിസ്താന് സന്ദർശിക്കും. തൃപ്തികരമല്ലെങ്കിൽ കടുത്ത ഉപരോധങ്ങൾക്ക് സാധ്യതയുണ്ട്. ഇതു മുൻകൂട്ടിക്കണ്ടാണ് സർക്കാരിന്റെ നീക്കം.
സയീദിനെതിരെ സാമ്പത്തിക നടപടി എടുക്കുന്നതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉത്തരവിലില്ല എന്നാണറിയുന്നത്. 200 ഏക്കറിൽ പരന്നുകിടക്കുന്ന ജെയുഡി ആസ്ഥാനമായ മർക്കസ് ഇ തയിബ പഞ്ചാബ് പ്രവിശ്യാ സർക്കാർ ഏറ്റെടുക്കണമെന്ന് സയീദിനെതിരായ സർക്കാർ നീക്കം പാക്ക് പട്ടാളത്തിന് സ്വീകാര്യമാവാനിടയില്ല. പട്ടാളം എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയണം. സയീദിന്റെ പ്രതികരണവും വന്നിട്ടില്ല.
ജമാ അത്തുദ്ദഅവ (ജെയുഡി), സന്നദ്ധ സംഘടന ഫലാ ഇ ഇൻസാനിയത് ഫൗണ്ടേഷൻ എന്നിവയെ ഭീകര സംഘടന ലഷ്കറെ തയിബയുടെ ഭാഗമായാണ് യുഎസ് കണക്കാക്കുന്നത്. സന്നദ്ധ സംഘടന എന്ന പേരിന്റെ മറവിലാണ് പാകിസ്താനിൽ ഭീകര ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. സ്വന്തം മണ്ണിലെ ഭീകരത തുടച്ചുനീക്കാൻ പാകിസ്താന് യുഎസ് പ്രസിഡന്റായി അധികാരമേറ്റതു മുതൽ ഡോണൾഡ് ട്രംപ് ആരോപിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായി യുഎസ് കണ്ടെത്തിയതിനെ തുടർന്ന് 2017 ജനുവരി മുതൽ സയീദിനെ പാക്കിസ്ഥാൻ വീട്ടുതടങ്കലിലാക്കി. എന്നാൽ കേസുകൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന ന്യായം പറഞ്ഞു അടുത്തിടെ കോടതി സ്വതന്ത്രനാക്കി.
വിമർശനങ്ങൾക്കിടയിലും കോടിക്കണക്കിന് ഡോളറാണ് അമേരിക്കയിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകുന്നത്. ഇതിൽ സർക്കാർ ഫണ്ടും സംഭാവനകളുമുണ്ട്. ഭീകരതയോടുള്ള നിഷ്ക്രിയത്വത്തെ തുടർന്ന്, 255 ദശലക്ഷം ഡോളർ സഹായം പാക്കിസ്ഥാനു കൈമാറുന്നത് യുഎസ് കഴിഞ്ഞദിവസം തടഞ്ഞുവച്ചിരുന്നു. വരുന്ന ആഴ്ചകളിലെ ഇതുസംബന്ധിച്ച് തീരുമാനമെടുക്കൂ. കഴിഞ്ഞ വർഷം പാക്കിസ്ഥാനുള്ള സൈനിക സഹായങ്ങൾ, സാമ്പത്തികവും ആയുധശേഷിയും, യുഎസ് ഗണ്യമായി വെട്ടിക്കുറിച്ചിരുന്നു. എന്നാൽ, അമേരിക്കൻ സമ്മർദത്തെ തുടർന്ന് യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം.
അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മൽസരിക്കുമെന്നു ഹാഫിസ് സയീദ് പ്രഖ്യാപിച്ചിട്ടുണ്ട്. ജമാ അത്തുദ്ദഅവ നിരോധിക്കപ്പെട്ട സാഹചര്യത്തിൽ മില്ലി മുസ്ലിം ലീഗ് (എംഎംഎൽ) എന്ന പേരിലാകും മൽസരിക്കുക. തന്നെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെടുത്തുന്ന കേസുകളൊന്നുപോലും പാക്ക് കോടതികളിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും സയീദ് പറയുന്നു. ജയിൽ മോചിതനായ സയീദിനുവേണ്ടി ലഷ്കറെ തയിബ പ്രത്യേകസേന രൂപീകരിച്ചിട്ടുണ്ട്. ഭീകരത വ്യാപിപ്പിക്കുകയും സയീദിനു സംരക്ഷണം നൽകുകയുമാണു സേനയുടെ ദൗത്യം.